പീഡനശ്രമത്തിനിടെ കെട്ടിടത്തിൽനിന്ന് ചാടിയ സംഭവം; കൂടുതൽ വെളിപ്പെടുത്തലുമായി യുവതി
text_fieldsമുക്കം: മുക്കത്ത് സ്വകാര്യ ഹോട്ടല്‍ ജീവനക്കാരിയെ ഹോട്ടലുടമയും കൂട്ടാളികളും ചേര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി അതിക്രമത്തിന് ഇരയായ യുവതി. സങ്കേതം ഹോട്ടലുടമ ദേവദാസില്‍നിന്ന് മുമ്പും തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് യുവതി പറഞ്ഞു.
വീടിന്റെ വാതില്‍ തള്ളിത്തുറന്നാണ് പ്രതികൾ അകത്തുകടന്നത്. മാസ്കിങ് ടാപ് ഉള്‍പ്പെടെ പ്രതികള്‍ കൈയില്‍ കരുതിയെന്നും പ്രതി ദേവദാസ് തന്റെ ഫോണ്‍ പിടിച്ചുവാങ്ങിയെന്നും നിരന്തരം മെസേജ് അയച്ച് ശല്യപ്പെടുത്തിയെന്നും യുവതി മാധ്യമങ്ങളോട് പറഞ്ഞു.
ചികിത്സയിലിരിക്കെയും ദേവദാസ് ഭീഷണി സന്ദേശം അയച്ചു. ഹോട്ടലില്‍ ജോലി ഇല്ലാത്ത സമയത്തും മദ്യപിച്ചെത്തുന്ന ദേവദാസ് തന്നോട് മോശമായി സംസാരിക്കാറുണ്ടായിരുന്നു. താഴെ വീണതിന് പിന്നാലെ അതുവഴി പോയ ഒരാള്‍ സംഭവം കണ്ട് സ്ഥലത്തെത്തി. എന്നാല്‍, ഫോണ്‍ വിളിക്കുമ്പോള്‍ താഴെവീണതാണെന്നാണ് ആ വ്യക്തിയോട് ദേവദാസ് പറഞ്ഞത്. പിന്നീട് ആശുപത്രിയില്‍ തന്നെ എത്തിക്കുമ്പോഴും ഇവര്‍ കൂടെയുണ്ടായിരുന്നു. ഡോക്ടറുടെ സഹായത്തോടെയാണ് ഫോണ്‍ ദേവദാസില്‍നിന്ന് തിരിച്ച് വാങ്ങിയതെന്നും ഐ.സി.യുവില്‍ കിടക്കുമ്പോഴും തനിക്ക് ഭീഷണി സന്ദേശം വന്നിരുന്നതായും യുവതി പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ചയാണ് പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍നിന്ന് താഴേക്ക് ചാടി ഹോട്ടല്‍ ജീവനക്കാരിയായ യുവതിക്ക് പരിക്കേറ്റത്. രാത്രി 11 ഓടെയാണ് മുക്കത്തെ സങ്കേതം ഹോട്ടലിന്റെ ഉടമ ദേവദാസും കൂട്ടുപ്രതികളായ കോഴിക്കോട് കക്കോടി സ്വദേശി റിയാസ്, ചൂലൂര്‍ സ്വദേശി സുരേഷ് എന്നിവരും ഹോട്ടൽ ജീവനക്കാരിയായ യുവതിയുടെ താമസസ്ഥലത്തെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

