ദാമോദരന്റെ മുളഞ്ചോലയിൽ ഇരുവഴിഞ്ഞിപ്പുഴയോരം സുരക്ഷിതം
text_fieldsകോഴഞ്ചേരി ദാമോദരൻ ഇരുവഴിഞ്ഞിപ്പുഴയോരത്തെ മുളഞ്ചോലയിൽ.
മുക്കം: പ്രളയത്തിൽ ഇരുവഴിഞ്ഞി പുഴയുടേയും ചാലിയാറിന്റെയും ചെറുപുഴയുടേയും തീരങ്ങൾ വ്യാപകമായി പുഴയെടുത്തപ്പോൾ ഒരു പോറലും സംഭവിക്കാതിരുന്ന ഒരു തീരമുണ്ട് മുക്കത്ത്. തൃക്കുടമണ്ണ ക്ഷേത്രക്കടവിനോട് തൊട്ടടുത്ത് ദാമോദരൻ കോഴഞ്ചേരി സംരക്ഷിച്ചുപോന്ന പുഴത്തീരം. തീരത്ത് മുളനട്ടുപിടിപ്പിച്ചാണ് 15 വർഷത്തിലധികമായി ഈ പ്രകൃതി സ്നേഹി തീരം സംരക്ഷിക്കുന്നത്.
ലാഭമൊന്നും മോഹിച്ചല്ലെന്ന് മാത്രമല്ല വലിയ നഷ്ടം സഹിച്ചുമാണ് ഈ ത്യാഗം. ഇത്രേം പൈസ ചെലവഴിച്ച് എന്തിനാ ദാമോദരാ പുഴയോരത്ത് മുള നട്ടു പിടിപ്പിക്കുന്നത്. വല്ല വാഴയും മറ്റോ ആണെങ്കിൽ വിറ്റ് നാല് കാശ് സമ്പാദിക്കാമല്ലോ? പത്ത് വർഷങ്ങൾക്ക് മുൻപ് മുക്കം കോഴഞ്ചേരി ദാമോദരനോട് ചില സുഹൃത്തുക്കൾ ഇങ്ങനെ ചോദിച്ചിരുന്നു.‘ലാഭത്തിന് വേണ്ടിയല്ല, പ്രകൃതിക്ക് വേണ്ടിയാണിതെന്ന് അന്ന് ചെറുപുഞ്ചിരിയോടെ ദാമോദരൻ മറുപടി നൽകി.
അന്ന് ദാമോദരനെ പരിഹസിച്ചവർക്ക് ഇന്ന് കുറ്റബോധം തോന്നുന്നുണ്ടാകാം. കാരണം, ആ മുളംകാടുകളാണ് ഇന്ന് ഈ തീരത്തെ സംരക്ഷിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ ഇരുവഴിഞ്ഞി കരകവിഞ്ഞപ്പോൾ മുക്കം തൃക്കുടമണ്ണ ക്ഷേത്രത്തിന് സമീപം ഇരുവഴിഞ്ഞിപ്പുഴയോരത്തുള്ള ദാമോദരന്റേത് ഉൾപ്പെടെയുള്ള വീടുകൾ പൂർണമായും വെള്ളത്തിലായിരുന്നു. എന്നാൽ, ശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും ദാമോദരന്റെ ഒരു തുണ്ട് ഭൂമി പോലും പുഴയിലേക്ക് പതിക്കാതെ മുളംകാടുകൾ സംരക്ഷിച്ചു.
വിദേശത്ത്, ഒരു പൂന്തോട്ടത്തിലെ ജീവനക്കാരനായിരുന്നു ദാമോദരൻ. നീണ്ട 18 വർഷത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയപ്പോൾ, ഇരുവഴിഞ്ഞിപ്പുഴയോരം മലിനപ്പെട്ട് കിടക്കുന്നതാണ് കണ്ടത്. പ്രകൃതിയോടിണങ്ങിയ രീതിയിൽ പുഴയോരമെങ്ങനെ മനോഹരമാക്കാമെന്ന ചിന്തയാണ് മുളങ്കാട് എന്ന ആശയത്തിലെത്തിച്ചത്. 2008 ൽ എട്ടു ലക്ഷത്തോളം രൂപ ചെലവഴിച്ച് 250 മീറ്റർ പുഴയോരത്ത് മുളകൾ വെച്ചുപിടിപ്പിച്ചു.
ആദ്യഘട്ടത്തിൽ കൊച്ചു തൈകൾ നട്ടുപിടിപ്പിച്ചെങ്കിലും വെള്ളപ്പൊക്കത്തിൽ നശിച്ചുപോയി. തുടർന്ന്, 500 രൂപ നിരക്കിൽ വളർച്ചയെത്തിയ 200 മുളത്തൈകൾ വയനാട്ടിൽനിന്ന് കൊണ്ടുവന്ന് നടുകയായിരുന്നു. ഇന്ന് 350 മീറ്ററോളം നീളത്തിൽ മുളങ്കാടുകളുണ്ടെന്ന് ദാമോദരൻ പറയുന്നു. നിരവധി പേരാണ് മുളങ്കാട് സന്ദർശിക്കാനായും ഇവിടെയെത്തുന്നത്. ഓട്ടോ തൊഴിലാളിയായ ദാമോദരൻ മുക്കത്തെ സാമൂഹിക സേവന രംഗത്തെ നിറസാന്നിധ്യം കൂടിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

