ലൈസൻസ് അപേക്ഷകർക്ക് ആശ്വാസം; മുക്കത്ത് ടെസ്റ്റ് കേന്ദ്രം അനുവദിച്ചു
text_fieldsമുക്കം: കൊടുവള്ളി ജോ. ആർ.ടി.ഒക്ക് കീഴിൽ മുക്കത്ത് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രത്തിന് അനുമതി ലഭിച്ചു. കോവിഡ് വ്യാപനം മൂലം ടെസ്റ്റുകളുടെ എണ്ണം മൂന്നിലൊന്നായി കുറച്ചതിനാൽ യഥാസമയം ഡ്രൈവിങ് ടെസ്റ്റ് നടത്താനാകാതെ നൂറുകണക്കിന് അപേക്ഷകളാണ് ആർ.ടി ഓഫിസുകളിൽ കെട്ടിക്കിടക്കുന്നത്.
ടെസ്റ്റ് കേന്ദ്രങ്ങളുടെ എണ്ണം വർധിപ്പിച്ച് കെട്ടിക്കിടക്കുന്ന ലൈസൻസ് അപേക്ഷകൾ തീർപ്പാക്കുന്നതിെൻറ ഭാഗമായാണ് മുക്കത്ത് ആഴ്ചയിലൊരു ദിവസം ഡ്രൈവിങ് ടെസ്റ്റ് അനുവദിച്ചത്.
കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമീഷണർ രാജേഷാണ് ഇതുസംബന്ധിച്ച് കഴിഞ്ഞ 17ന് ഉത്തരവിറക്കിയത്. മുക്കം ടൗണിൽ പുതിയ ബസ്സ്റ്റാൻഡിന് സമീപത്തുള്ള ഗ്രൗണ്ടിൽ െവച്ചാണ് ടെസ്റ്റ് നടക്കുക. ഇതോടെ മലയോര മേഖലയിൽനിന്ന് കിലോമീറ്ററുകൾ താണ്ടി ടെസ്റ്റിനായി പോകുന്നവർക്കും ലേണേഴ്സ് പരീക്ഷ കഴിഞ്ഞ് മാസങ്ങളായി ഗ്രൗണ്ട് ടെസ്റ്റിനായി കാത്തിരിക്കുന്നവർക്കും പുതിയ കേന്ദ്രം അനുവദിച്ചത് അനുഗ്രഹമാകും.
കോവിഡ് നിയന്ത്രണങ്ങളിൽ കുടുങ്ങി കെട്ടിക്കിടക്കുന്ന ഡ്രൈവിങ് ലൈസൻസിനുള്ള അപേക്ഷകൾ ഉടൻ തീർപ്പാക്കണമെന്നും കൂടുതൽ ടെസ്റ്റ് ഗ്രൗണ്ടുകൾ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഓൾ കേരള മോട്ടോർ ഡ്രൈവിങ് സ്കൂൾ ഇൻസ്ട്രക്ടേസ് വർക്കേഴ്സ് അസോസിയേഷൻ മോട്ടോർ വാഹന വകുപ്പധികൃതർക്ക് നിവേദനം നൽകിയിരുന്നു.