മുക്കം: ഒരാഴ്ചക്കുള്ളില്‍ തന്നെ നിരവധി തവണകളായി പെയ്ത ശക്തമായ മഴയില്‍ നെല്‍കൃഷി നശിച്ച് കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നഷ്ടം. ഇന്നലെ പെയ്ത മഴയോടുകൂടി നെല്‍കൃഷി മുഴുവന്‍ വെള്ളത്തിലായി. മകരക്കൊയ്ത്തിന് ഒന്നരമാസം കൂടി ശേഷിക്കേ കാലം തെറ്റിവന്ന മഴ നെല്‍കര്‍ഷകരുടെ നടുവൊടിച്ചിരിക്കുകയാണ്. മുക്കം നഗരസഭയിലെ ചേന്ദമംഗലൂര്‍, പുല്‍പറമ്പ്, പൊറ്റശ്ശേരി പ്രദേശങ്ങളിലെയും കൊടിയത്തൂര്‍, ചെറുവാടി, കാരശ്ശേരി പ്രദേശങ്ങളിലെയും നൂറോളം ഏക്കറില്‍ നെല്‍കര്‍ഷകര്‍ക്ക് ലക്ഷങ്ങളുടെ നാശനഷ്ടമാണ് ഉണ്ടായത്. കതിരിടുന്ന സമയത്തെ മഴ നെല്‍കൃഷിക്ക് ദോഷമാണ്. കതിരിട്ട ചെടികള്‍ വെള്ളത്തില്‍ ചാഞ്ഞ് പുല്ലും നെല്ലും നശിച്ചുപോവുന്നതിനും ഇത് കാരണമായി.
ചേന്ദമംഗലൂര്‍ ഭാഗങ്ങളില്‍ ഏക്കര്‍കണക്കിന് പാടങ്ങളില്‍ നെൽകൃഷിയിറക്കി കര്‍ഷകര്‍ കൂട്ടത്തോടെ കൃഷിയിലേക്ക് തിരിച്ചുവന്നിരുന്നു. നെല്‍കതിരുകള്‍ മുഴുവന്‍ പതിരായി നശിക്കുകയും വൈക്കോല്‍ ചീഞ്ഞു പോവുകയും ചെയ്യുന്നതോടെ ലക്ഷങ്ങളുടെ സാമ്പത്തിക നഷ്ടവും അധ്വാനവുമാണ് കര്‍ഷകര്‍ക്ക് മിച്ചം. കവുങ്ങ്, വാഴ കൃഷികളില്‍നിന്ന് വയലിനെ മോചിപ്പിച്ച് നെല്‍കൃഷിയിലേക്ക് തിരിച്ചുകൊണ്ടുവരാനും കേരളത്തിലെ പ്രഥമ നഗര ഹരിത വാര്‍ഡിനുള്ള പുരസ്കാരവും ലഭിച്ച പ്രദേശമാണിത്. പുല്‍പറമ്പ് ഭാഗത്ത് പത്തോളം ഏക്കറില്‍ മുണ്ടകന്‍ വിത്തിറക്കിയ കണ്ണങ്കര അഹ്മദ് കുട്ടിയുടെ നെല്ല് പകുതി നശിച്ച നിലയിലാണ്.
ഇതില്‍ ഒരേക്കറില്‍ കരുണ ഇനത്തില്‍പെട്ട നെല്ല് കൊയ്യാന്‍ പാകത്തിലായി നില്‍ക്കുകയായിരുന്നു. പാട്ടത്തിന് ഭൂമിയെടുത്ത് കൃഷിയിറക്കിയ തങ്ങളെപ്പോലുള്ള കര്‍ഷകരുടെ മുതുകൊടിഞ്ഞ അവസ്ഥയിലാണെന്ന് കര്‍ഷകനായ പെരുവാട്ടില്‍ കുഞ്ഞന്‍ പറയുന്നു. പഞ്ചായത്ത്-നഗരസഭ അധികൃതര്‍, കൃഷി വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ അടിയന്തരമായി കൃഷി സ്ഥലം സന്ദര്‍ശിച്ച് കൃഷിനാശം വിലയിരുത്തി അര്‍ഹമായ നഷ്ടപരിഹാരം നല്‍കുകയും കര്‍ഷകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.