ഇൻക്യുബേറ്റർ നിർമിച്ച് ഒമ്പതാം ക്ലാസുകാരൻ
text_fieldsസ്വന്തമായി രൂപകൽപന ചെയ്ത ഇൻക്യുബേറ്ററും വിരിയിച്ചെടുത്ത കോഴിക്കുഞ്ഞുങ്ങളുമായി അജ്സൽ
മുക്കം: ചുരുങ്ങിയ ചെലവിൽ ഇൻക്യുബേറ്റർ നിർമിച്ച് കോഴിമുട്ടകൾ വിരിയിച്ച് ഒമ്പതാം ക്ലാസുകാരൻ. കാരശ്ശേരി കക്കാട് സ്വദേശി കെ.സി. അഷ്റഫിെൻറയും ജുമൈലയുടെയും മകനും കൊടിയത്തൂർ പി.ടി.എം ഹയർ സെക്കൻഡറി സ്കൂൾ ഒമ്പതാം ക്ലാസ് വിദ്യാർഥിയുമായ കെ.സി. അജ്സലാണ് സ്വന്തം പരിശ്രമംകൊണ്ട് ഇൻക്യുബേറ്റർ നിർമിച്ച് കോഴിക്കുഞ്ഞുങ്ങളെ വിരിയിച്ചെടുത്തത്.
കാർഡ് ബോർഡ്, അഡാപ്റ്റർ, ഫാൻ, തെർമോകോൾ, വയർ ഇത്രയുമുണ്ടായാൽ ഇൻക്യുബേറ്റർ നിർമിക്കാം. ഇതൊന്നും വലിയ മുതൽമുടക്കുള്ളതല്ല, പക്ഷേ നല്ല ശ്രദ്ധ വേണം, ഏഴു കോഴിക്കുഞ്ഞുങ്ങളെ ചൂണ്ടിക്കാട്ടി അജ്സൽ പറഞ്ഞു. ഒരു മാസം മുമ്പാണ് അജ്സലിെൻറ മനസ്സിൽ ഇൻക്യുബേറ്റർ നിർമിക്കാനുള്ള ആശയം ഉടലെടുക്കുന്നത്.
യൂട്യൂബ് വിഡിയോയാണ് പ്രചോദനമായത്. തുടക്കത്തിൽ ആശങ്കയുണ്ടായിരുന്നെങ്കിലും ആദ്യം വെച്ച 10 മുട്ടകളിൽ ഏഴെണ്ണം വിരിഞ്ഞ് കോഴിക്കുഞ്ഞുങ്ങൾ പുറത്തിറങ്ങിയതോടെ ആത്മവിശ്വാസം വർധിച്ചു. കോഴി വളർത്തലിൽ തൽപരയായ മാതാവ് ജുമൈലയാണ് പ്രധാന പിൻബലം. സാമഗ്രികൾ സംഘടിപ്പിക്കാൻ മുക്കത്തെ കച്ചവടക്കാരനായ പിതാവും സഹായിച്ചു. ഈ ഒമ്പതാം ക്ലാസ് വിദ്യാർഥിക്ക് മീൻവളർത്തലുമുണ്ട്.