മധ്യവയസ്കനെ വെട്ടിക്കൊന്ന സംഭവം: പ്രതി പിടിയിൽ
text_fieldsപ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നു
മുക്കം: മുക്കം നഗരസഭയിലെ മണാശ്ശേരിയിൽ മധ്യവയസ്കനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. മണാശ്ശേരി സ്വദേശി ജയകുമാറാണ് പിടിയിലായത്. ഒളിവിൽ പോകാൻ ശ്രമിക്കുന്നതിനിടെ മണാശ്ശേരി കയ്യേരിക്കൽ ഭാഗത്ത് നിന്നാണ് ഇയാൾ വലയിലായത്. മണാശ്ശേരിയിലെ ഓട്ടോ ഡ്രൈവറായ പ്രദീഷ് ആണ് കൊലപാതക ശേഷം മുങ്ങാനുള്ള ശ്രമത്തിനിടെ പ്രതിയെ കണ്ടത്. ഉടൻ പ്രതിയെ തടഞ്ഞുനിർത്തുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയും മുക്കം പൊലീസിൽ വിവരമറിയിക്കുകയുമായിരുന്നു. സംഭവസ്ഥലത്തെത്തിയ പൊലീസ് പ്രതിയെ കസ്റ്റഡിയിലെടുത്തു. മുക്കം പൊലീസ് പ്രതിയെ സംഭസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി.
തുടർന്ന് താമരശ്ശേരി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.മുക്കം വെസ്റ്റ് മണാശ്ശേരിയിൽ ചൊവ്വാഴ്ച രാത്രി 7.15 ഓടെയാണ് സംഭവം. മുതുകുറ്റിയിൽ വാടകവീട്ടിൽ താമസിക്കുന്ന വിനോദ് കുമാറിനെ (58) വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു . പ്രതി രാവിലെ മുതൽ മദ്യപിച്ചെത്തി പ്രദേശത്ത് സംഘർഷാവസ്ഥ സൃഷ്ടിച്ചിരുന്നു. മദ്യപിച്ചെത്തിയ പ്രതി വിനോദ് കുമാറുമായും പരിസരവാസികളുമായും തർക്കമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ് കൊലപാതക. വിനോദ് കുമാറിനെയും കുടുംബത്തെയും കിണറിൽ വിഷം ചേർത്ത് കൊല്ലുമെന്ന് ഇയാൾ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഈ സമയത്ത് മുക്കം സ്റ്റേഷനിൽ വിവരമറിയിച്ചെങ്കിലും പൊലീസ് എത്തിയില്ലന്നും പ്രതിയെ കസ്റ്റഡിയിലെടുത്തിരുന്നങ്കിൽ കൊലപാതകം ഒഴിവാക്കാമായിരുന്നു എന്നും നാട്ടുകാർ പറയുന്നു.
തെളിവെടുപ്പിനിടെ പൊലീസിനെതിരെ പ്രതിഷേധം; കൊലക്കത്തി കണ്ടെടുത്തു
മുക്കം: മണാശ്ശേരിയിൽ മധ്യവയസ്കനെ അയൽവാസി വെട്ടിക്കൊന്ന കേസിലെ പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തുന്നതിനിടെ പ്രതിഷേധം. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട വിനോദ് കുമാറിന്റെ ബന്ധുക്കളും പ്രദേശവാസികളുമാണ് പൊലീസിനെതിരെ രംഗത്തെത്തിയത്. പ്രതി ജയകുമാറുമായി മുക്കം സി.ഐയുടെ നേതൃത്വത്തിലുള്ള സംഘം തെളിവെടുപ്പിനായി മണാശ്ശേരിയിലെ വീട്ടിലെത്തിയപ്പോഴായിരുന്നു നാടകീയ രംഗങ്ങൾ. പ്രതി ജയകുമാർ നേരത്തേയും നാട്ടുകാരുമായി നിരന്തരം പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നു. കൊലപാതകം നടക്കുന്നതിന് മുമ്പ് ഇയാൾ പ്രശ്നമുണ്ടാക്കാൻ തുടങ്ങിയപ്പോൾ നാട്ടുകാർ മുക്കം പൊലീസിൽ വിവരമറിയിച്ചിരുന്നു. എന്നാൽ, നിരവധി തവണ വിളിച്ചിട്ടും പൊലീസ് സ്ഥലത്തെത്തിയില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. പ്രതിഷേധത്തെ തുടർന്ന് കനത്ത സുരക്ഷയിലാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കിയത്. വെട്ടാൻ ഉപയോഗിച്ച കൊടുവാൾ പ്രതി ജയകുമാർ തന്റെ വീടിന് പുറകിലുള്ള വാട്ടർ ടാങ്കിൽ നിന്ന് പൊലീസിന് എടുത്തു നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

