മീഡിയവണിന് വിലക്ക്: മാധ്യമങ്ങളെ ഭയപ്പെടുത്തി വരുതിയിലാക്കാനുള്ള നീക്കം -സി.ആർ. നീലകണ്ഠൻ
text_fieldsമീഡിയവണിന് വിലക്കേർപ്പെടുത്തിയതിനെതിരെ മുക്കം പൗരാവലി നടത്തിയ പ്രതിഷേധ
സായാഹ്നം സി.ആർ. നീലകണ്ഠൻ ഉദ്ഘാടനം ചെയ്യുന്നു
മുക്കം: രാജ്യത്ത് ജനാധിപത്യത്തിന്റെ തൂണുകൾ ഒന്നൊന്നായി തകർന്നുകൊണ്ടിരിക്കുകയാണെന്നും നാലാം തൂണായ മാധ്യമങ്ങളെ തകർക്കാനും ഭയപ്പെടുത്താനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് മീഡിയവണിന് വിലക്കേർപ്പെടുത്തിയതിനു പിന്നിലെന്നും ആക്ടിവിസ്റ്റ് സി.ആർ. നീലകണ്ഠൻ പറഞ്ഞു.
മീഡിയവണിന് വിലക്കേർപ്പെടുത്തിയതിനെതിരെ 'മാധ്യമ സ്വാതന്ത്ര്യത്തിന് വിലങ്ങിടരുത്' എന്ന പ്രമേയത്തിൽ മുക്കത്ത് പൗരാവലി നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കാരശ്ശേരി പഞ്ചായത്ത് പ്രസിഡന്റ് വി.പി. സ്മിത അധ്യക്ഷതവഹിച്ചു.
കാരണം വ്യക്തമാക്കാതെ മീഡിയവണിന് വിലക്കേർപ്പെടുത്തി, അഭിപ്രായ സ്വാതന്ത്ര്യത്തിനുമേൽ നടത്തിയ കടന്നുകയറ്റത്തിനെതിരെ, മതേതര കേരളത്തിന്റെ പിന്തുണയോടെ ജനാധിപത്യമാർഗത്തിൽ എല്ലാ വഴികളിലൂടെയും പോരാട്ടം നടത്തുമെന്ന് മാധ്യമം-മീഡിയവൺ ഗ്രൂപ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ പറഞ്ഞു.
മീഡിയവൺ പ്രതിനിധി നിഷാദ് റാവുത്തർ മുഖ്യ പ്രഭാഷണം നടത്തി. കൊടിയത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത്, എൽ.ഡി.എഫ് ജില്ല കൺവീനർ മുക്കം മുഹമ്മദ്, ഡി.സി.സി സെക്രട്ടറി ബാബു പൈക്കാട്ടിൽ, കാഞ്ചനമാല കൊറ്റങ്ങൽ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി സി.പി. ചെറിയ മുഹമ്മദ്, അഗ്രോ ഇൻഡസ്ട്രീസ് ചെയർമാൻ വി. കുഞ്ഞാലി, കെ.വി.വി.ഇ.എസ് ജില്ല സെക്രട്ടറി റഫീഖ് മാളിക, ജമാഅത്തെ ഇസ്‍ലാമി ജില്ല സെക്രട്ടറി സുബ്ഹാൻ ബാബു, സി.പി.ഐ ജില്ല പ്രവർത്തക സമിതിയംഗം പി.കെ. കണ്ണൻ, ടി.കെ. മാധവൻ, അബ്ദുൽ റഷീദ് അൽ ഖാസിമി, മജീദ് പുളിക്കൽ, എസ്.ഡി.പി.ഐ മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ് ബഷീർ അമ്പലത്തിങ്ങൽ എന്നിവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ശിഹാബ് മാട്ടുമുറി, ടി.കെ. അബൂബക്കർ, പ്രസ് ക്ലബ് പ്രസിഡൻറ് സി. ഫസൽ ബാബു എന്നിവർ പങ്കെടുത്തു. ബന്ന ചേന്ദമംഗലൂർ സ്വാഗതവും എൻ. അബ്ദുൽ സത്താർ നന്ദിയും പറഞ്ഞു.