മണാശ്ശേരി ഇരട്ടക്കൊല: ജയവല്ലിയുടെ മരണത്തിലും ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി
text_fieldsമുക്കം: മണാശ്ശേരി ഇരട്ടക്കൊല കേസിലെ പ്രതി ബിർജുവിെൻറ മാതാവ് ജയവല്ലിയുടെ മരണത്തിലും ക്രൈംബ്രാഞ്ച് പ്രാഥമിക അന്വേഷണം തുടങ്ങി. ക്രൈംബ്രാഞ്ച് ഡിറ്റക്ടിവ് ഇൻസ്െപക്ടർ വി.എസ്. മുരളീധരൻ, എ.എസ്.ഐ എം.കെ. സുകു, എ.സി.പി ഒ.കെ. പ്രജീഷ് എന്നിവരും വിരലടയാള വിദഗ്ധരും ഉൾപ്പെടുന്ന സംഘം ബിർജു നേരത്തേ താമസിച്ചിരുന്ന വെസ്റ്റ് മണാശ്ശേരിയിലെ വീട്ടിൽ തെളിവെടുപ്പ് നടത്തി.
2016 മാർച്ച് അഞ്ചിനാണ് ജയവല്ലിയെ വെസ്റ്റ് മണാശ്ശേരിയിലെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത്. തുടർന്ന് സി.ആർ.പി.സി 174 പ്രകാരം അസ്വാഭാവിക മരണമായിട്ടാണ് കേസ് രജിസ്റ്റർ ചെയ്തത്. മുക്കം പൊലീസ് അന്വേഷണം നടത്തിയെങ്കിലും തെളിവുകളൊന്നും ലഭിച്ചില്ല.
പിന്നീട് മുക്കത്തും ബേപ്പൂരിലും ചാലിയത്തും മൃതദേഹാവശിഷ്ടങ്ങൾ കാണുകയും ഡി.എൻ.എ പരിശോധനയിൽ ഒരാളുടേതാണെന്ന് സ്ഥിരീകരിക്കുകയുമുണ്ടായി. അന്വേഷണത്തിൽ കൊല്ലപ്പെട്ടത് വണ്ടൂർ സ്വദേശിയായ പുതിയോത്ത് ഇസ്മാഇൗലാണെന്നും കൊല നടത്തിയത് ബിർജുവാണെന്നും കണ്ടെത്തുകയായിരുന്നു. ബിർജുവിനെ ചോദ്യം ചെയ്തപ്പോഴാണ് അമ്മ ജയവല്ലിയുടെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

