മുക്കം: മണാശ്ശേരിയിലെ വാഴത്തോട്ടത്തിൽ പട്ടാപ്പകൽ 456 വാഴകൾ നശിപ്പിച്ച കാട്ടുപന്നികളിൽ ഒന്നിനെ വെടിവെച്ചുകൊന്നു. നെല്ലിക്കുന്ന് മലയിൽ മുക്കം ഓർഫനേജിെൻറ ഉടമസ്ഥതയിലുള്ള തരിശ് ഭൂമിയിൽ മുക്കം നഗരസഭയുടെയും കൃഷിഭവെൻറയും സഹകരണത്തോടെ മുതിർന്ന കർഷകൻ അടുക്കത്തിൽ മുഹമ്മദ്ഹാജി കൃഷിചെയ്ത വാഴകളാണ് പന്നികൾ കഴിഞ്ഞ ദിവസം നശിപ്പിച്ചത്.
വനം വകുപ്പ് മുക്കം നഗരസഭക്ക് നൽകിയ അനുമതി പ്രകാരമാണ് നഗരസഭ ചുമതലപ്പെടുത്തിയ കച്ചേരി സ്വദേശി സി.എം. ബാലൻ കാട്ടുപന്നിയെ വെടിവെച്ച് വീഴ്ത്തിയത്. കാട്ടുപന്നികൾ ഇറങ്ങിയതായി വിവരമറിയിച്ചതിനെത്തുടർന്നാണ് ബാലൻ സ്ഥലത്തെത്തിയത്. ഒന്നിച്ചുണ്ടായിരുന്ന പന്നികൾ കാട്ടിലേക്ക് ഓടി മറഞ്ഞു.
എട്ടര ഏക്കറോളം വരുന്ന തരിശ് ഭൂമി പാട്ടത്തിനെടുത്ത് മുഹമ്മദ് ഹാജി ഇവിടെ വിപുലമായി കൃഷി നടത്തിയിരുന്നു. മത്തൻ, വെള്ളരി, കക്കിരി തുടങ്ങിവ പൂർണമായും പന്നികൾ നശിപ്പിച്ചു. നഗരസഭാധികൃതരും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും വനംവകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പന്നിയുടെ ജഡം ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച് കുഴിച്ചുമൂടി.