ഇസ്രായേൽ വിസ തട്ടിപ്പ്: മുക്കത്ത് യുവാവിന്റെ ആത്മഹത്യാ ഭീഷണി
text_fieldsമുക്കം: ഇസ്രായേലിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തതായി ആരോപിച്ച് യുവാവ് സ്വകാര്യ വിദ്യാഭ്യാസ കൺസൾട്ടൻസിക്ക് മുമ്പിൽ ആത്മഹത്യാ ഭീഷണി മുഴക്കി. പേരാമ്പ്ര മുതുകാട് സ്വദേശി ജോഷിയാണ് മുക്കത്തെ സ്വകാര്യ സ്ഥാപനത്തിന് മുന്നിൽ കൈയിൽ പെട്രോളുമായി പ്രതിഷേധിച്ചത്.
ഇസ്രായേൽ വിസക്കായി അഞ്ചര ലക്ഷം രൂപയാണ് ഏജൻസി ആവശ്യപ്പെട്ടതെന്ന് ജോഷി പറയുന്നു. ഇതിൽ 3.35 ലക്ഷം രൂപ പലതവണകളായി കൈമാറി. ഇതിന് പകരമായി ഏജൻസി ചെക്ക് നൽകിയിരുന്നു. കൂടാതെ മെഡിക്കൽ പരിശോധനകൾക്കും മറ്റ് നടപടികൾക്കുമായി ഒന്നര ലക്ഷത്തോളം രൂപ വേറെയും ചെലവായതായും ഇയാൾ പറഞ്ഞു. വിസ ലഭിക്കാതെ വന്നതോടെ പണം തിരികെ ചോദിച്ചെങ്കിലും ഏജൻസി അധികൃതർ ഒഴിഞ്ഞുമാറുകയായിരുന്നു.
ജോഷിയെ കൂടാതെ നിരവധി പേർ ഈ സ്ഥാപനത്തിനെതിരെ വഞ്ചനാ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടന്നാണ് അറിവ്. കണ്ണൂർ സ്വദേശിനി വിദ്യ രാജൻ (1.10 ലക്ഷം രൂപ), ജിനു ജിജോ (2.40 ലക്ഷം രൂപ), പേരാമ്പ്ര സ്വദേശി റെനീഷ് എന്നിവരും സമാനമായ രീതിയിൽ പണം നൽകി വഞ്ചിതരായതായി ആരോപിച്ചു. പണം തിരികെ നൽകാമെന്ന് പറഞ്ഞ് ഏജൻസി പലതവണ തങ്ങളെ പറ്റിച്ചതായും ഇവർ പറഞ്ഞു. സ്ഥലത്തെത്തിയ പൊലീസ് യുവാവുമായി സംസാരിക്കുകയും അനുനയിപ്പിച്ച് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. തുടർന്ന് വക്കീലിന്റെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയിൽ ഏപ്രിൽ മാസത്തിനകം തുക തിരിച്ചുനൽകാമെന്ന് രേഖാമൂലം അറിയിക്കുകയും പ്രതിഷേധക്കാർ തിരിച്ചുപോവുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

