മണ്ണുമാന്തിയന്ത്രം, ടിപ്പർ വാടക വർധന ഇന്നു മുതൽ; നിർമാണ മേഖലക്ക് ചെലവ് കൂടും
text_fieldsപണിമുടക്കിനെ തുടർന്ന് നിർത്തിയിട്ട മണ്ണുമാന്തി യന്ത്രങ്ങൾ
മുക്കം (കോഴിക്കോട്): മണ്ണുമാന്തിയന്ത്രങ്ങൾ, ക്രെയിൻ, ടിപ്പർ തുടങ്ങിയവക്ക് കോഴിക്കോട് ജില്ലയിൽ ബുധനാഴ്ച മുതൽ വാടക വർധിപ്പിക്കാനുള്ള തീരുമാനം നിർമാണ മേഖലക്ക് വൻ തിരിച്ചടിയാവും. നിലവിൽ സിമന്റിനും കമ്പിക്കും ഉൾപ്പെടെ വില ഉയർന്നുനിൽക്കുന്ന സാഹചര്യത്തിൽ വാടകകൂടി വർധിപ്പിക്കുന്നത് സാധാരണക്കാർക്കും ലൈഫ് പദ്ധതിയിൽ വീട് നിർമാണം ആരംഭിച്ചവർ, ചെറുകിട കോൺട്രാക്ടർമാർ ഉൾപ്പെടെയുള്ളവർക്കും വലിയ തിരിച്ചടിയാവും.
മണ്ണുമാന്തി, ക്രെയിൻ, ടിപ്പർ തുടങ്ങിയവ 30 വർഷം മുമ്പുണ്ടായിരുന്ന നിരക്കിലാണ് ഇതുവരെ ഓടിയതെന്നാണ് ഉടമകൾ പറയുന്നത്. വാടക വർധിപ്പിക്കാതെ പിടിച്ചുനിൽക്കാനാകാത്ത അവസ്ഥയാണെന്ന് ഇവർ പറയുന്നു. വാഹന വിലയും മറ്റ് അനുബന്ധ സാമഗ്രികളുടെ വിലയും തൊഴിലാളികളുടെ വേതനവും പത്തുമടങ്ങ് വർധിച്ച സാഹചര്യത്തിലാണ് കൺസ്ട്രക്ഷൻ എക്യുപ്മെന്റ് ഓണേഴ്സ് അസോസിയേഷൻ ജില്ല കമ്മിറ്റി ഇങ്ങനെയൊരു തീരുമാനമെടുത്തതെന്ന് പ്രസിഡന്റ് വിൻസ് മാത്യു പറഞ്ഞു.
വിവിധ ആവശ്യങ്ങളുന്നയിച്ച് സംഘടന പണിമുടക്ക് നടത്തി. ഇതിന്റെ ഭാഗമായി തിരുവമ്പാടി മുതൽ അഗസ്ത്യൻമുഴി വരെ വാഹന പ്രചാരണ ജാഥ സംഘടിപ്പിച്ചു. ജാഥയുടെ ഫ്ലാഗ്ഓഫ് അസോസിയേഷൻ ജില്ല പ്രസിഡന്റ് വിൻസ് മാത്യു നിർവഹിച്ചു. ജില്ല ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ റിയാന, മുക്കം മേഖല പ്രസിഡന്റ് നൗഷാദ് തോട്ടുമുക്കം, സെക്രട്ടറി നസീർ തോട്ടുമുഴി, ജോസ് പള്ളിക്കുന്നേൽ, ഇബ്രാഹിം നീലേശ്വരം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

