മദ്യപിച്ച് ബൈക്കോടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക് പൊലിസ് കേസെടുത്തു
text_fieldsമുക്കത്തുണ്ടായ അപകടം
മുക്കം: മദ്യലഹരിയില്‍ ബൈക്ക് ഓടിച്ച് അപകടത്തില്‍പെട്ട് പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി 10.30ന് മുക്കം പാലത്തിനും നോര്‍ത്ത് കാരശ്ശേരി പാലത്തിനും ഇടയിലാണ് അപകടമുണ്ടായത്. മദ്യലഹരിയില്‍ മറ്റ് വാഹനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്ന തരത്തില്‍ തെറ്റായ ദിശയിലും വളഞ്ഞുപുളഞ്ഞും രണ്ടുപേര്‍ ബൈക്ക് ഓടിക്കുകയായിരുന്നു. പിന്നാലെയെത്തിയ മറ്റൊരു ബൈക്ക് യാത്രികന് അപകടകരമായ യാത്ര കണ്ട് അന്വേഷിക്കാനായി റോഡില്‍ നിര്‍ത്തിയപ്പോള്‍ മദ്യപസംഘം ഇയാളുടെ വാഹനത്തില്‍ ഇടിച്ച് തെറിച്ച് വീഴുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഇവര്‍ ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. ഇരുചക്ര വാഹനമോടിച്ച കാരശ്ശേരി ജങ്ഷൻ സ്വദേശി മനുവിനെതിരെ മുക്കം പൊലീസ് കേസെടുത്തു. അപകടകരമായ രീതിയിൽ വാഹനം ഓടിക്കൽ, മദ്യപിച്ച് വാഹനം ഓടിക്കൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ്. മനുവിനോട് ഇന്ന് ചേവായൂർ ആർ.ടി ഓഫിസിൽ ഹാജരാകാൻ ആർ.ടി.ഒ നിർദേശിച്ചു.

