കാരശ്ശേരിയിൽ മാലിന്യം നീക്കുന്നതിനെ ചൊല്ലി തർക്കം
text_fieldsകാരശ്ശേരി പഞ്ചായത്തിലെ മുണ്ടിത്തോടിന് സമീപം മാലിന്യം കയറ്റുന്നതുമായി ബന്ധപ്പെട്ട് നടന്ന സംഘർഷം
മുക്കം: കാരശ്ശേരി ഗ്രാമപഞ്ചായത്തിൽ മാലിന്യ വിഷയത്തിൽ ഭരണ, പ്രതിപക്ഷ മെംബർമാരും, പ്രവർത്തകരും തമ്മിൽ തർക്കം. ആഴ്ചകൾക്ക് മുമ്പ് രണ്ടാം വാർഡിൽ നിന്ന് ശേഖരിച്ച മാലിന്യം നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സംഭവം.വാർഡിൽ നിന്നു ശേഖരിച്ച മാലിന്യങ്ങൾ പഞ്ചായത്തിലെ ഒമ്പതാം വാർഡിലുള്ള എം.സി.എഫിൽ കൊണ്ടുവന്നെങ്കിലും വാർഡ് മെംബറുടെ നേതൃത്വത്തിൽ ഒരു വിഭാഗം ആളുകൾ തടയുകയായിരുന്നു. ഇതേത്തുടർന്ന് കയറ്റിയ സ്ഥലത്തേക്ക് തിരിച്ചു കൊണ്ടു വന്ന മാലിന്യം അവിടെ ഇറക്കുന്നത് ഇടതുമുന്നണി പ്രവർത്തകർ തടഞ്ഞു.
ഇതാണ് വാക്കേറ്റത്തിനും സംഘർഷത്തിനും വഴിവെച്ചത്. മുക്കം പൊലീസ് സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. രണ്ടാം വാർഡ് മെംബർ ജംഷിദ് ഒളകരയുടെ നേതൃത്വത്തിൽ പിന്നീട് മാലിന്യം കയറ്റി അയച്ചു.
പഞ്ചായത്തിെൻറയോ, ഗ്രീൻ കേരള കമ്പനിയുടേയോ നിർദേശമില്ലാതെ വാർഡ് മെംബർ തന്നിഷ്ട പ്രകാരം വീടുകളിൽ നിന്ന് ജൈവ, അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ ശേഖരിക്കുകയും അവ മുണ്ടിത്തോട്ടിൽ തള്ളുകയും ചെയ്യുകയായിരുന്നുവെന്നാണ് ഇടതുപക്ഷം ആരോപിക്കുന്നത്. അതേ സമയം കാരശ്ശേരി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചത് ജനങ്ങളുടെ പ്രത്യേക അഭ്യർഥന മാനിച്ചുകൊണ്ടാെണന്നും വാർഡ് നഷ്ടപ്പെട്ടതിന്റെ വികാരത്തിലാണ് സി.പി.എം ഇത്തരത്തിൽ പ്രതിഷേധിക്കുന്നതന്നും വാർഡ് മെംബർ ജംഷിദ് ഒളകര പറഞ്ഞു.