രാത്രിയിലെ റോഡ് പ്രവൃത്തിയിൽ തർക്കം: സ്ഥിരംസമിതി ചെയർമാനെ മർദിച്ചതായി പരാതി
text_fieldsമുക്കം: രാത്രിയിൽ റോഡ് നിർമാണം നടത്തുന്നത് ചോദ്യം ചെയ്തതിന് കരാറുകാരനും തൊഴിലാളിയും ചേർന്ന് സ്ഥിരംസമിതി ചെയർമാനെ മർദിച്ചതായി പരാതി. മുക്കം നഗരസഭ പൊതുമരാമത്ത് സ്ഥിരംസമിതി ചെയർമാൻ മജീദാണ് കരാറുകാരനും തൊഴിലാളിയും ചേർന്ന് മർദിച്ചതായി മുക്കം പൊലീസിൽ പരാതി നൽകിയത്.
നഗരസഭയിലെ പൂളപ്പൊയിൽ -ഇരട്ടക്കുളങ്ങര പി.പി. ബഷീറുദ്ദീൻ റോഡിൽ രാത്രി നടത്തിയ പ്രവൃത്തിയിലെ അപാകത ചൂണ്ടിക്കാണിച്ചപ്പോഴാണ് മർദിച്ചതെന്ന് മജീദ് പറഞ്ഞു. നേരത്തെയും റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് വിവാദം ഉയർന്നിരുന്നു. രാവിലെ റോഡ് പ്രവൃത്തി ആരംഭിച്ചസമയം ഡിപ്പുകൾ പൊളിച്ചുമാറ്റാതെ കോൺക്രീറ്റ് ചെയ്യാനുള്ള ശ്രമം അധികൃതർ ഇടപെട്ട് നിർത്തിവെപ്പിച്ചിരുന്നു. അശാസ്ത്രീയമായി നിർമിച്ച ഡിപ്പുകൾ പൊളിച്ചുമാറ്റി കോൺക്രീറ്റ് ചെയ്യണമെന്ന നിർദേശവും നൽകിയിരുന്നു. ഇത് ലംഘിച്ച് രാത്രിയിൽ പ്രവൃത്തി നടത്തിയതിനെ ചോദ്യം ചെയ്തതോടെ കരാറുകാരനും തൊഴിലാളിയും മർദിക്കുകയായിരുന്നുവെന്ന് മജീദ് പറഞ്ഞു.
അതേസമയം, ആരോപണം അടിസ്ഥാനരഹിതമാണെന്ന് കരാറുകാരൻ പറഞ്ഞു. പകൽസമയത്ത് റോഡിൽ കോൺക്രീറ്റ് ചെയ്ത ഭാഗത്ത് വാഹനങ്ങൾ കയറി തകരാർ സംഭവിച്ചിരിന്നു. ഇത് നന്നാക്കാൻ ഡിവിഷൻ കൗൺസിലർ ആവശ്യപ്പെട്ട പ്രകാരമാണ് ജോലിക്കാരനുമായി സ്ഥലത്തെത്തിയത്. കേടുവന്ന ഭാഗങ്ങൾ നന്നാക്കിക്കൊണ്ടിരിക്കെ സ്ഥിരംസമിതി ചെയർമാൻ വന്ന് അസഭ്യം പറയുകയും തൊഴിലാളിയെ കൈയേറ്റം ചെയ്യുകയായിരുന്നെന്നും കരാറുകാരൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.