ഭിന്നശേഷിക്കാരനായ അനീഷിന് ആധാർ കാർഡ് വേണം
text_fieldsകൂടരഞ്ഞി: ഭിന്നശേഷിക്കാരനായ പുഷ്പഗിരി തറപ്പിൽ അനീഷിന് ആധാർ കാർഡില്ല. അപകടത്തിൽ തലക്ക് സാരമായി പരിക്കേറ്റ ഇദ്ദേഹം 10 വർഷമായി കിടപ്പിലാണ്.
ആധാർ കാർഡ് ഇല്ലാത്ത കിടപ്പിലായവർക്ക് ആവശ്യമെങ്കിൽ അക്ഷയ കേന്ദ്രം അധികൃതർ വീട്ടിലെത്തി ഫോട്ടോ എടുത്ത് ആധാർ ലഭ്യമാക്കാറുണ്ട്. എന്നാൽ, അനീഷിെൻറ വീട്ടിലെത്തി ഫോട്ടോ എടുത്തത് ശരിയാകാത്തതിനാൽ ആധാർ കാർഡിന് അപേക്ഷിക്കാനായില്ല. ഇപ്പോൾ ആധാർ കാർഡില്ലാത്തവർക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭിക്കില്ല. റേഷൻ കാർഡിൽനിന്ന് അനീഷിെൻറ പേര് ഒഴിവാക്കുമോയെന്ന ആശങ്കയിലാണ് കുടുംബം.
റേഷൻ കാർഡ് ഇല്ലാത്ത പക്ഷം മറ്റ് ആനുകൂല്യങ്ങൾക്കും അപേക്ഷിക്കാനാകില്ല. മാതാവും ഭാര്യയും 10 വയസ്സുള്ള മകളുമുള്ള അനീഷിെൻറ കുടുംബം സുമനസ്സുള്ളവരുടെ സഹായത്തോടെയാണ് ജീവിക്കുന്നത്.
കൂലിപ്പണിക്കാരനായിരുന്ന ഇദ്ദേഹം 10 വർഷം മുമ്പ് ഉണ്ടായ വാഹനാപകടത്തെ തുടർന്നാണ് കിടപ്പിലായത്. ആധാർ കാർഡ് ലഭ്യമാക്കാൻ അധികൃതരുടെ ഇടപെടൽ വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.