മലയോര മേഖലയിൽ കള്ളനോട്ട് വ്യാപകം
text_fieldsപ്രതീകാത്മക ചിത്രം
മുക്കം: ജില്ലയുടെ കിഴക്കൻ മലയോര മേഖലയിൽ കള്ളനോട്ട് വ്യാപകമാവുന്നതായി പരാതി. 500 രൂപയുടെ നോട്ടുകളാണ് മുക്കം ഉൾപ്പെടെയുള്ള അങ്ങാടികളിൽ വലിയതോതിൽ പലർക്കും ലഭിക്കുന്നത്. കള്ളനോട്ടിനെ കുറിച്ച് വ്യക്തമായ ധാരണ പലർക്കും ഇല്ലാത്തതിനാൽ ഇത് കൈമാറി പോവുകയാണ് ചെയ്യുന്നത്.
എന്നാൽ, ബാങ്ക് കലക്ഷൻ ഏജന്റുമാർ ഉൾപ്പെടെയുള്ളവർക്ക് ലഭിക്കുമ്പോഴാണ് കള്ളനോട്ടാണെന്ന് തിരിച്ചറിയുന്നത്. നേരത്തെ 2019ൽ മുക്കത്ത് അന്നത്തെ എസ്.ഐ കെ.പി അഭിലാഷിന്റെ നേതൃത്വത്തിൽ റെയ്ഡ് നടത്തി സേലം സ്വദേശികളായ സുരേഷ് കുമാർ , നിർമല എന്നിവരെ പിടികൂടിയിരുന്നു. സുരേഷ് കുമാറിൽനിന്ന് 50000 രൂപയുടെ കള്ളനോട്ടും തുടർന്നു നടത്തിയ അന്വേഷണത്തിൽ സേലത്ത് വെച്ച് 1,00,000 രൂപയുടെ കള്ളനോട്ടുമായി നിർമലയെയും പിടികൂടുകയായിരുന്നു. അന്ന് 2000, 500, 200, 100 രൂപകളുടെ കള്ളനോട്ടുകളാണ് ഇവരിൽ നിന്ന് പിടികൂടിയിരുന്നത്. 2019 ജൂലൈ മാസം ജില്ലയിലെ കുന്ദമംഗലത്തും ഫറോക്കിലും കള്ളനോട്ടടി കേന്ദ്രത്തിൽ പൊലീസ് നടത്തിയ റെയ്ഡിൽ ലക്ഷക്കണക്കിന് രൂപയുടെ കള്ളനോട്ട് പിടികൂടിയിരുന്നു. 15 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങളുമാണ് പിടികൂടിയത് .
കുന്ദമംഗലം വരട്ട്യാക്ക് സ്വദേശി ഷമീർ വാടകക്ക് താമസിക്കുന്ന പടനിലം കളരിക്കണ്ടിയിലെ വീട്ടിലാണ് റെയ്ഡ് നടന്നത്.ഈ സമയം തന്നെ ഫറോക്കിലും റെയ്ഡ് നടക്കുകയായിരുന്നു. തുടർന്ന് ഈ വർഷം നവംബർ 15ന് ഫറോക്ക് പൊലീസിന്റെ നേതൃത്വത്തിൽ രാമനാട്ടുകരയിലും, അരീക്കോടും, മണാശ്ശേരിയിലെ വാടക വീട്ടിലും നടത്തിയ റെയ്ഡിലും 500 രൂപയുടെ 57 കള്ളനോട്ടുകളും നോട്ടടിക്കാൻ ഉപയോഗിക്കുന്ന മെഷീനും പിടികൂടിയിരുന്നു. രാമനാട്ടുകരയിലുള്ള ഒരാളും, അരീക്കോട് സ്വദേശികളായ രണ്ടുപേരും, നെല്ലിക്കാപറമ്പ് സ്വദേശിയായ ഒരാളുമാണ് അന്ന് അറസ്റ്റിലായത്.
ഇത്തരത്തിൽ ജില്ലയിൽ കള്ളനോട്ടടിക്കുകയും വിതരണം ചെയ്യുകയും ചെയ്യുന്ന സംഘം സജീവമാണ്. ഈ സാഹചര്യത്തിലാണ് വീണ്ടും കള്ളനോട്ടുകൾ വ്യാപകമാവുന്നത് ആശങ്കയുണർത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

