അവശനിലയിലുള്ള രോഗിയുമായി ആശുപത്രിയിലേക്ക് പോയ ഓട്ടോ തടഞ്ഞതായി പരാതി
text_fieldsമുക്കം: അവശനിലയിലുള്ള രോഗിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോകുന്ന ഓട്ടോ മദ്യപിച്ചെത്തിയ രണ്ടുപേർ തടഞ്ഞുനിർത്തിയതായി പരാതി. കഴിഞ്ഞദിവസം രാത്രി വേനപ്പാറയിലാണ് സംഭവം.
കാപ്പാട്ടുമല സ്വദേശിനിയെയും കൊണ്ട് ആശുപത്രിയിൽ പോകുന്ന ഓട്ടോറിക്ഷയാണ് ബുള്ളറ്റ് ബൈക്കിൽ എത്തിയ രണ്ടുപേർ തടഞ്ഞത്. ഇവർ മദ്യപിച്ചിരുന്നതായും പരാതിയുണ്ട്. രോഗിക്ക് ചർദിയും പനിയും അധികമായതോടെ കുടുംബസുഹൃത്തുക്കളെയും കൂട്ടി കോടഞ്ചേരിയിൽനിന്ന് വിളിച്ചുവരുത്തിയ ഓട്ടോയിൽ മുക്കത്തെ ആശുപത്രിയിലേക്ക് പോകുംവഴിയാണ് സംഭവം.
വേനപ്പാറ എത്തിയപ്പോൾ ഇവരുടെ പണം അടങ്ങുന്ന പഴ്സ് നഷ്ടപ്പെട്ടതിനെ തുടർന്ന് ഓട്ടോ നിർത്തി പഴ്സ് തിരയുന്നതിനിടെയാണ് രണ്ടുപേർ ഇവരെ ചോദ്യം ചെയ്യുകയും തടഞ്ഞുനിർത്തുകയും ചെയ്തതെന്ന് കുടുംബസുഹൃത്ത് പറഞ്ഞു. യുവാക്കൾ ഏറെനേരം വാഹനം തടഞ്ഞുവെക്കുകയായിരുന്നു. തുടർന്ന് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. രോഗിയെ മുക്കത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

