നാടിനെ ഭീതിയിലാഴ്ത്തി കാർ തടഞ്ഞ് കവർച്ച; ഇരയായവർ നിഷേധിച്ചു
text_fieldsമുക്കം: നാടിനെ ഉദ്വോഗത്തിലാഴ്ത്തി കാർതടഞ്ഞ് കവർച്ച. ഒടുവിൽ പണം നഷ്ടപ്പെട്ടവർ സംഭവം നിഷേധിക്കുകയും പരാതി നൽകാതിരിക്കുകയും ചെയ്തതോടെ കേസെടുക്കാനാകാതെ പൊലീസ്. ഇന്നലെ രാവിലെ 11ന് മുക്കം മാമ്പറ്റയിലാണ് സംഭവം. മുക്കം ഭാഗത്തെ സഹകരണ സ്ഥാപനത്തിൽനിന്ന് കാറിൽ പണവുമായി വന്ന കോഴിക്കോട് സ്വദേശികളെ മാമ്പറ്റക്ക് സമീപം മറ്റൊരു കാറിലെത്തിയ സംഘം തടഞ്ഞു.
ഡ്രൈവറെ ഇറക്കിവിട്ട് ശേഷം വണ്ടിയുമായി പോയി. മണാശ്ശേരി എത്തിയതോടെ പണം എടുത്ത് കാർ ഉപേക്ഷിച്ച ശേഷം ആദ്യമെത്തിയ വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. നാല് ലക്ഷം രൂപയാണ് നഷ്ടമായതെന്നാണ് പറയപ്പെടുന്നത്.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് മുക്കം പൊലീസ് സ്ഥലത്തെത്തി കവർച്ചക്കിരയായവരെ സ്റ്റേഷനിൽ എത്തിച്ചു. എന്നാൽ, ഇവർ സംഭവം നിഷേധിക്കുകയായിരുന്നുവത്രേ. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട സംഘങ്ങൾ തമ്മിലുള്ള തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് സംശയം.

