സംരക്ഷണഭിത്തി നിർമാണത്തിനിടെ മണ്ണിടിച്ചിൽ; വൻ അപകടം ഒഴിവായി
text_fieldsമുക്കാളിയിൽ ദേശീയപാത സംരക്ഷണ ഭിത്തി നിർമാണത്തിനിടെയുണ്ടായ മണ്ണിടിച്ചിൽ
വടകര : മുക്കാളിയിൽ ദേശീയപാത സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെയുണ്ടായ മണ്ണിടിച്ചിൽ വൻ അപകടം ഒഴിവായി. തിങ്കളാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. 15 ഓളം തൊഴിലാളികൾ നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി സ്ഥലത്തുണ്ടായിരുന്നു. ഇവർ ഭക്ഷണം കഴിക്കാൻ പോയ സമയത്താണ് ഇരുപത് അടിയോളം ചെങ്കുത്തായ ഭാഗം റോഡിലേക്ക് ഇടിഞ്ഞ് വീണത്.
ദേശീയ പാതയിലൂടെ നിരവധിവാഹനങ്ങൾ കടന്ന് പോകുന്നതിനിടെയാണ് അപകടം. മണ്ണിടിച്ചിലുണ്ടായ ഭാഗത്തെ രണ്ട് വീടുകൾ അപകടാവസ്ഥയിലാണ്. അപകട ഭീഷണിയെ തുടർന്ന് കുടുംബങ്ങളോട് മാറി താമസിക്കാൻ ആവശ്യപെട്ടിട്ടുണ്ട്. ദേശീയ പാതയുടെ നിർമ്മാണ പ്രവൃർത്തി തുടങ്ങിയത് മുതൽ അഞ്ച് തവണയാണ് ഇവിടെ മണ്ണിടിച്ചിലുണ്ടായത്. ഉയരമുള്ള ഭാഗം നേരത്തെ സോയിൽ നെയിലിങ് നടത്തിയിരുന്നു. ഈ ഭാഗങ്ങൾ പലതവണയായി ഇടിഞ്ഞ് വീണതിനെ തുടർന്നാണ് കോൺക്രീറ്റ് ഭിത്തി ഒരുക്കാൻ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായുള്ള പ്രവൃർത്തി പുരോഗമിക്കുന്നതിനിടെയാണ് മണ്ണിടിച്ചിൽ.
ഗൾഫാർ ഗ്രൂപ്പിനാണ് സംരക്ഷണ ഭിത്തി നിർമിക്കാൻ കരാർ നൽകിയത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്തെ കുടുംബങ്ങളുടെ ഭൂമി ഏറ്റെടുത്ത് സംരക്ഷണംനൽകണമെന്ന് അധികൃതരോട് ആവശ്യപെട്ടിട്ടും അനുകൂല നടപടികൾ ഉണ്ടായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

