എ.ഡി.ജി.പിക്കെതിരായ വെളിപ്പെടുത്തൽ; മാമി കേസ് അന്വേഷണ സംഘത്തെ പുനഃസംഘടിപ്പിക്കാൻ ആവശ്യപ്പെട്ടേക്കും
text_fieldsകോഴിക്കോട്: ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി എം.ആർ. അജിത്ത് കുമാർ ക്രിമിനലെന്നും ആളുകളെ കൊല്ലിച്ചെന്നുമുള്ള ഗുരുതര ആരോപണമുയർന്നതിനു പിന്നാലെ, മുഹമ്മദ് ആട്ടൂർ (മാമി) തിരോധാനക്കേസിലെ അന്വേഷണ സംഘവുമായി ബന്ധപ്പെട്ട് ഉയർന്ന ആക്ഷേപങ്ങൾ ആക്ഷൻ കമ്മിറ്റി പരിശോധിക്കും.
ഇതിനായി ആക്ഷൻ കമ്മിറ്റിയുടെ വിപുല യോഗം ഉടൻ ചേരും. ആവശ്യമെങ്കിൽ മുഖ്യമന്ത്രി അടക്കമുള്ളവരെ സമീപിക്കുകയും അന്വേഷണ സംഘത്തിലെ ആരോപണ വിധേയരായവരെ ഒഴിവാക്കി പുനഃസംഘടിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്യും. കേസ് സി.ബി.ഐക്ക് വിടണമെന്ന ഹരജി നിലവിൽ ഹൈകോടതിയുടെ പരിഗണനയിലാണ്. സെപ്റ്റംബർ നാലിന് വീണ്ടും പരിഗണിക്കും.
2023 ആഗസ്റ്റിൽ കാണാതായ കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ബിസിനസുകാരൻ മുഹമ്മദ് ആട്ടൂരിന്റെ സുഹൃത്തുക്കൾ ചേർന്ന് രൂപവത്കരിച്ച ആക്ഷൻ കമ്മിറ്റിയും ആട്ടൂർ കൂടുംബവും അന്വേഷണ സംഘത്തിലെ ഒരു പൊലീസ് ഉദ്യോഗസ്ഥനെതിരെ ആക്ഷേപം ഉന്നയിക്കുകയും മാറ്റണമെന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, ഇദ്ദേഹത്തെ അന്വേഷണത്തിൽ നിന്നു മാറ്റിയില്ലെന്നു മാത്രമല്ല വിചിത്രമായ നിലയിൽ മേൽനോട്ടത്തിന് കോഴിക്കോട് സിറ്റി പൊലീസ് മേധാവിക്കുപകരമായി മലപ്പുറം എസ്.പിയെ നിയോഗിക്കുകയുമായിരുന്നു എ.ഡി.ജി.പി എം.ആർ. അജിത്ത്കുമാർ ചെയ്തത്.
എ.ഡി.ജി.പിയുടെ ‘സ്വന്തക്കാരൻ’ എന്ന നിലക്കാണ് മലപ്പുറം എസ്.പി ടി. ശശിധരന് ചുമതല നൽകിയതെന്നാണ് വിമർശനമുയർന്നത്. മാത്രമല്ല അജിത് കുമാർ ഉത്തരവിറക്കി രൂപവത്കരിച്ച സംഘത്തിൽ കൽപറ്റ ഡിവൈ.എസ്.പിയെ അടക്കം ഉൾപ്പെടുത്തുകയും ചെയ്തിരുന്നു.
പുതിയ സംഘത്തിനും അന്വേഷണത്തിൽ കാര്യമായ മുന്നേറ്റമൊന്നും ഉണ്ടാക്കാനായില്ലെങ്കിലും കേസിന്റെ ‘പുരോഗതി’ ഇതിനകം അജിത്കുമാർ വിലയിരുത്തുകയും ചെയ്തിരുന്നു. ആരെങ്കിലും മാമിയെ അപായപ്പെടുത്തിയോ എന്നതടക്കമുള്ള സംശയങ്ങൾ നേരത്തേ ഉയർന്ന കേസിന്റെ അന്വേഷണത്തിൽ ബാഹ്യ ഇടപെടലിനായിരുന്നോ ‘വിചിത്ര നിലയിൽ’ അന്വേഷണ സംഘം രൂപവത്കരിച്ചത് എന്നാണ് ആക്ഷൻ കമ്മിറ്റി അംഗങ്ങളിൽ നിന്നും കുടുംബാംഗങ്ങളിൽ നിന്നും ഇപ്പോൾ ഉയരുന്ന ചോദ്യം. മാത്രമല്ല അജിത്ത് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുന്നയിച്ച പി.വി. അൻവർ മാമി കേസ് തെളിയാൻ സാധ്യതയില്ലെന്നും വാർത്തസമ്മേളനത്തിനിടയിൽ ചൂണ്ടിക്കാട്ടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

