കടലാക്രമണം നേരത്തേയറിയിക്കാൻ കൂടുതൽ മുന്നറിയിപ്പു കേന്ദ്രങ്ങൾ
text_fieldsകോഴിക്കോട് ലൈറ്റ് ഹൗസ്
കോഴിക്കോട്: സംസ്ഥാനത്ത് ഏറ്റവും നീണ്ട കടൽതീരമുള്ള കോഴിക്കോട്ട് കടലാക്രമണത്തെയും കാറ്റിനെയും പറ്റി നേരത്തേ തീരവാസികൾക്ക് മുന്നറിയിപ്പ് നൽകാനുള്ള കൂടുതൽ കേന്ദ്രങ്ങൾ ഒരുങ്ങുന്നു.
സൂനാമിയടക്കമുള്ളവ വരുന്നതിന് മുന്നേ ജാഗ്രത അറിയിപ്പ് നൽകാനുള്ള കേന്ദ്രങ്ങൾ ഏഴ് സ്ഥലങ്ങളിൽ സ്ഥാപിക്കാനാണ് തീരുമാനം. ഇത് രണ്ടുമാസത്തിനുള്ളിൽ പ്രവർത്തനം തുടങ്ങാനാവുമെന്നാണ് പ്രതീക്ഷ.
പുതിയാപ്പ ഫിഷറീസ് സ്കൂൾ, ബേപ്പൂർ ജി.എച്ച്.എസ്.എസ്, പയ്യോളി ജി.എച്ച്.എസ്.എസ് എന്നിവിടങ്ങളിൽ നേരത്തെ സംവിധാനമൊരുക്കിയിരുന്നു. കോർപറേഷൻ ഓഫിസ്, ഗവ. എൻജിനീയറിങ് കോളജ്, വടകര ബ്ലോക്ക് പഞ്ചായത്ത് ഹാൾ, പന്നിയങ്കര ജി.യു.പി.എസ്, കൊയിലാണ്ടി റസ്റ്റ്ഹൗസ്, മടപ്പള്ളി ജി.വി.എച്ച്.എസ്.എസ്, തിരുവങ്ങൂർ സി.എച്ച്.എസ് എന്നിവിടങ്ങളിലാണ് മുന്നറിയിപ്പ് കേന്ദ്രങ്ങൾ വരുന്നത്. നാഷനൽ സൈക്ലോൺ റിസ്ക് മിറ്റിഗേഷൻ പ്രോജക്ടിന്റെ (എൻ.സി.ആർ.എം.പി) ഭാഗമായി സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടേതാണ് മുന്നറിയിപ്പ് നൽകൽ പദ്ധതി.
സംസ്ഥാനത്ത് 126 കേന്ദ്രങ്ങളിൽ ഇത്തരം കേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് തീരുമാനം. ഇതിൽ 91 എണ്ണം പ്രവർത്തിച്ചുതുടങ്ങിയെന്നാണ് കണക്ക്. 35 എണ്ണം ബി.എസ്.എൻ.എല്ലുമായി ചേർന്ന് നടപ്പാക്കിയെങ്കിലും സാങ്കേതിക പ്രശ്നങ്ങൾ കാരണം ഏജൻസിയെ മാറ്റി.
ഫ്ലാഷ് ലൈറ്റ്, ഉച്ചഭാഷിണി, അലാറം എന്നിവക്കൊപ്പം കാമറയും മുന്നറിയിപ്പ് കേന്ദ്രങ്ങളിലുണ്ടാവും. ഒന്നര കി.മീറ്റർ ദൂരപരിധിയിൽ ഇവിടെ നിന്നുള്ള മുന്നറിയിപ്പ് ലഭ്യമാക്കാനാവുമെന്നാണ് പ്രതീക്ഷ. ദുരന്തനിവാരണ അതോറിറ്റി നൽകുന്ന വിവരങ്ങൾ ഉപയോഗിച്ച് അവ മുന്നറിയിപ്പായി നൽകാനാണ് തീരുമാനം. ജില്ലയിലെ കേന്ദ്രങ്ങളെ ഏകോപിപ്പിക്കാൻ ജീവനക്കാരനടക്കം സംവിധാനമുണ്ടാവും.
കടലാക്രമണ മുന്നറിയിപ്പിനായി കോഴിക്കോട് പോർട്ട് ഹൗസിന് മുന്നിൽ മുന്നറിയിപ്പു ബോർഡുകൾ സ്ഥാപിക്കുന്നത് സ്ഥിരമായിരുന്നു. കടലിലുള്ള വാഹനങ്ങൾക്ക് കരയിൽ നിന്നുള്ള ലൈറ്റ് ഹൗസുകളും വഴികാട്ടികളായിരുന്നു. എന്നാൽ, ആധുനിക സൗകര്യങ്ങൾ വന്നതോടെ ഇവയെ ആശ്രയിക്കുന്നവരുടെ എണ്ണം കുറഞ്ഞു. 1847ൽ 33 മീറ്റർ ഉയരത്തിൽ പണിത രാജ്യത്തെ ഏറ്റവും പഴയ വിളക്കുമാടമാണ് കോഴിക്കോട്ടുള്ളത്. 1907ൽ ഇത് 15 മീറ്ററാക്കി ചുരുക്കി. മാറ്റിപ്പണിതപ്പോൾ ഇംഗ്ലണ്ടിൽനിന്ന് ഇറക്കുമതി ചെയ്ത ഉപകരണങ്ങളാണ് ഉപയോഗിച്ചത്. 1924ലും നവീകരണമുണ്ടായി. 2008ൽ സ്ഥാപിച്ച സോളാർ എൽ.ഇ.ഡിയാണ് ഇപ്പോഴുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

