മൂരാട് അപകടം ;പൊലീസ് അന്വേഷണം തുടങ്ങി
text_fieldsവടകര: ദേശീയപാതയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് നാലുപേർ മരിക്കാനിടയായ സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ദേശീയപാതയോട് ചേർന്ന സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പൊലീസ് പരിശോധിച്ചു. വടകര ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാർ ദിശ മാറി കണ്ണൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടെമ്പോ ട്രാവലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
കാർ എങ്ങനെ ദിശമാറി സഞ്ചരിച്ചുവെന്നാണ് പൊലീസ് പ്രധാനമായും അന്വേഷിക്കുന്നത്. ജില്ല പൊലീസ് മേധാവിയുടെ ഓഫിസിനടുത്ത് വെച്ചാണ് ദേശീയപാത രണ്ടായി തിരിയുന്നത്. ഇവിടെനിന്ന് രണ്ട് കിലോമീറ്ററിലധികം ദിശ മാറി സഞ്ചരിച്ചാലേ അപകടം നടന്ന സ്ഥലത്ത് എത്തിച്ചേരാൻ കഴിയുകയുള്ളൂ. ഈ വഴിക്ക് കാർ സഞ്ചരിക്കാനുള്ള സാധ്യത പൊലീസ് തള്ളിക്കളയുകയാണ്.
മൂരാട് പാലത്തിന്റെ അവസാന ഭാഗത്ത് സ്ഥാപിച്ച ഡിവൈഡറിന്റ ഇടയിലൂടെ കാർ ദിശ മാറി എതിർ ഭാഗത്തേക്ക് കയറിയതാണ് അപകടത്തിനിടയാക്കിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഈ ഭാഗത്ത് 300 മീറ്ററോളം താൽക്കാലികമായി ഡിവൈഡറുകൾ സ്ഥാപിച്ചിട്ടുണ്ട്.
നിരവധി വാഹനങ്ങൾ പ്രധാന പാതയിൽനിന്ന് എളുപ്പ വഴിയെന്നനിലയിൽ ഡിവൈഡറുകൾക്കിടയിലൂടെ എതിർവശത്തെ മൂന്നുവരി പാതയിലേക്ക് പ്രവേശിക്കുന്നത് പൊലീസിന്റെ പരിശോധനക്കിടെ കാണാനിടയായി. ഇത്തരത്തിൽ കാർ ദിശ മാറിയതാകാമെന്നാണ് പൊലീസ് പറയുന്നത്. അപകടം നടക്കുന്നതിനുമുമ്പ് കാർ കടന്നുപോയതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി. സുഭാഷ് ബാബു, പയ്യോളി സി.ഐ സജീഷ് തുടങ്ങിയവർ സ്ഥലത്ത് പരിശോധന നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

