പരാതികൾ കേട്ട് എം.എൽ.എയുടെ ഗ്രാമയാത്ര
text_fieldsമടവൂരിൽ ഗ്രാമ യാത്രയുടെ ഭാഗമായി നടന്ന ജനസഭയിൽ ഡോ. എം.കെ. മുനീർ എം.എൽ.എ സംസാരിക്കുന്നു
കൊടുവള്ളി: നിയോജക മണ്ഡലത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് നേരിട്ട് പരിഹാരം നിർദേശിക്കുന്നതിനായി എം.എൽ.എ ഡോ. എം.കെ. മുനീർ നടത്തുന്ന ‘ഗ്രാമയാത്ര’ മടവൂർ ഗ്രാമപഞ്ചായത്തിൽ ജനസഭ സംഘടിപ്പിച്ചു. ജനസഭയിൽ നൂറോളം പരാതികളും ആക്ഷേപങ്ങളും എം.എൽ.എയും ഉദ്യോഗസ്ഥരും നേരിൽ കേട്ടു. പൊതുജനങ്ങളുടെ പരാതികൾ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ പരിഗണിച്ച് തൽസമയം പരിഹാരം നിർദ്ദേശിക്കുന്ന സംവിധാനമാണ് ഒരുക്കിയിരുന്നത്.
വിവിധ സർക്കാർ ഓഫിസുകളുമായി ബന്ധപ്പെട്ട തീർപ്പാക്കാത്ത വിഷയങ്ങൾ, മണ്ഡലത്തിലെ വികസനപ്രശ്നങ്ങൾ, സംസ്ഥാന സർക്കാറിന്റെ ശ്രദ്ധയിൽപ്പെടുത്തേണ്ട കാര്യങ്ങൾ എന്നിവ ജനങ്ങൾക്ക് ഗ്രാമയാത്രയിൽ സമർപ്പിക്കാൻ അവസരമുണ്ടായിരുന്നു. ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ജനസഭയിൽ ലഭിച്ച 30 പരാതികൾക്ക് തൽക്ഷണം പരിഹാരം കണ്ടെത്തി. മടവൂർ ബഡ്സ് സ്കൂളിന് ഉപകരണങ്ങൾ വാങ്ങാൻ കുടുംബശ്രീ മിഷൻ വഴി ലഭിച്ച നാലുലക്ഷം രൂപയുടെ ടെൻഡർ നടപടികൾ വേഗത്തിലാക്കി ഉപകരണങ്ങൾ വാങ്ങാൻ പഞ്ചായത്ത് സെക്രട്ടറിക്ക് എം.എൽ.എ നിർദേശം നൽകി. പൊതുമരാമത്ത്, പഞ്ചായത്ത് റോഡുകൾ ജലജീവൻ മിഷൻ പോലുള്ള പ്രവൃത്തികൾക്കായി പൊളിച്ചിടുകയും നവീകരണം നടത്താതിരിക്കുകയും ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യുന്നതിനായി അടിയന്തര യോഗം വിളിക്കാനും എം.എൽ.എ നിർദേശിച്ചു.
മടവൂർ ടൗണിൽ ആധുനിക രീതിയിലുള്ള ബസ് ഷെൽട്ടർ സ്ഥാപിക്കുമെന്ന് എം.എൽ.എ അറിയിച്ചു. മടവൂർ ബഡ്സ് സ്കൂളിനെ സി.ആർ.സി. സബ് സെന്ററാക്കുന്നതിന് ആവശ്യമായ പരിശോധനകൾ നടത്തുന്നതിന് ശ്രമിക്കുമെന്ന് അദ്ദേഹം അറിയിച്ചു. മുടങ്ങിയ കർഷകപെൻഷൻലഭ്യമാക്കുന്നതിന് വകുപ്പ് മന്ത്രിയുമായി ബന്ധപ്പെട്ട് നടപടികൾ ത്വരിതപ്പെടുത്തി. ആശ്വാസകിരണം ആനുകൂല്യം ലഭ്യമല്ലാത്ത വിഷയം നിയമസഭയിൽ ഉന്നയിക്കുമെന്നും എം.എൽ.എ ജനസഭയിൽ അറിയിച്ചു. ഗ്രാമയാത്രയുടെ ഭാഗമായി അപേക്ഷ നൽകിയ ഭിന്നശേഷിക്കാർക്ക് യു.ഡി.ഐ.ഡി കാർഡുകൾ വിതരണം ചെയ്തു. കോഴിക്കോട് വിമൻസ് പോളിടെക്നിക് പ്രിൻസിപ്പലായി ചുമതലയേറ്റ പ്രഫ. പി.കെ. അബ്ദുസ്സലാം, സംസ്ഥാന സർക്കാറിന്റെ മികച്ച ഫാം ജേണലിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഡോ. മുഹമ്മദ് ആസിഫ് എന്നിവരെ അനുമോദിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

