വികസനക്കുതിപ്പെന്ന് എം.എൽ.എ; സമ്പൂർണ പരാജയമെന്ന് യു.ഡി.എഫ്
text_fieldsനാദാപുരം: മണ്ഡല രൂപീകരത്തിന് ശേഷം ഒരിക്കൽ മാത്രം വലത് പക്ഷത്തേക്ക് മാറിയ നാദാപുരത്ത് തുടർച്ചയായി സി.പി.ഐ ആണ് വിജയിച്ചുവരുന്നത്. 2021ലെ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ കെ. പ്രവീൺ കുമാറിനെ 4,053 വോട്ടിന് പരാജയപ്പെടുത്തി ഇ.കെ.വിജയൻ എം.എൽ.എ മൂന്നാം തവണയും സ്ഥാനം നിലനിർത്തുകയായിരുന്നു. നാദാപുരം, വളയം, വാണിമേൽ, എടച്ചേരി, തൂണേരി, ചെക്യാട് നരിപ്പറ്റ, കായക്കൊടി, കാവിലുംപാറ, മരുതോങ്കര എന്നീ ഗ്രാമപ്പഞ്ചായത്തുകൾ ഉൾപ്പെടുന്നതാണ് ഈ മണ്ഡലം.
1957 സി.എച്ച് കണാരൻ (സി.പി.ഐ), 1960 ഹമീദലി ഷംനാട് (മുസ് ലിം ലീഗ്), 1967 ഇ.വി.കുമാരൻ (സി.പി.എം), 1970 എം.കുമാരൻ(സി.പി.ഐ), 1977 കെ.കുഞ്ഞമ്പു (സി.പി.ഐ) 1980 കെ.ടി.കണാരൻ (സി.പി.ഐ), 1996 സത്യൻ മൊകേരി( സി.പി.ഐ), 2006 ബിനോയ് വിശ്വം (സി.പി.ഐ), 2011 ഇ.കെ.വിജയൻ (സി.പി.എ) എന്നിവരാണ് മണ്ഡലം പ്രതിനിധികൾ.
കഴിഞ്ഞ അഞ്ചു വർഷത്തിനുള്ളിൽ ആയിരം കോടിയിലധികം രൂപയുടെ പദ്ധതികൾ മണ്ഡലത്തിൽ നടപ്പിലാക്കിയതായി ഇടത് കേന്ദ്രങ്ങൾ അവകാശപ്പെടുന്നു. റീ ബിൽഡ് കേരളയിൽ ഉൾപ്പെടുത്തി നടപ്പാക്കിയ പാക്വായ് പാലം 4.30കോടി, അപ്രോച്ച് റോഡ് 3.5 കോടി, കാവിലുംപാറമൂന്നാം കൈ ആശ്വസപ്പാലം (2 കോടി)യും ചെലവഴിച്ചു. എടച്ചേരികൈപ്പാണി മുക്ക് നടേമ്മൽ റോഡ്, എടച്ചേരി കണിയാംകണ്ടി മുക്ക് പായൽ മുക്ക്റോഡ്, എടച്ചേരി എടവന മുക്ക് കായപ്പനച്ചി വായനശാല റോഡ്, തൂണേരി ബ്ലോക്ക് ഓഫിസ് താഴ -തൈക്കണ്ടി മുക്ക് റോഡ്, തൂണേരിമുണ്ടക്കൽ മുക്ക് പറ പട്ടോളി പാലം റോഡ്, തൂണേരി പൂവനാട്ട് മുക്ക് ജാതിയൂർ താഴെ റോഡ്, ചെക്യാട് കുറമ്പാത്ത് മുക്ക് കുയിയേൽച്ചാൽ റോഡ്, ചെക്യാട്വാഴയിൽ മുക്ക് - കുന്നുമ്മൽ റോഡ് തുടങ്ങിയവ ഗ്രാമീണ മേഖലയിൽ നിർമിച്ചതാണ്.
പട്ടികജാതി/വർഗ വകുപ്പ് വിഭാഗത്തിന്റെ ഉന്നമനത്തിനായി അംബേദ്കർ ഗ്രാമ പദ്ധതി പ്രകാരം 'കാവിലുംപാറവലിയപറമ്പത്ത് ആദിവാസി ഉന്നതി (ഒരുകോടി), കൂടൽ ആദിവാസി ഉന്നതി (1 കോടി), വാണിമേൽഅടുപ്പിൽ ആദിവാസി ഉന്നതി (1കോടി),ചിറ്റാരി കണ്ടിവാതുക്കൽ ആദിവാസി ഉന്നതി (1 കോടി),കായക്കൊടി താവോട്ടുകുന്ന് പട്ടികജാതി കോളനി (1 കോടി), മരുതോങ്കരവില്യംപാറ പട്ടികജാതി കോളനി (1 കോടി) എന്നീ പദ്ധതികൾ പൂർത്തിയായി.
കാർഷിക മേഖലയിൽ കേരഗ്രാമം പദ്ധതി പ്രകാരം തൂണേരി, ചെക്യാട്, നാദാപുരം, മരുതോങ്കര പഞ്ചായത്തുകളിൽ 70 ലക്ഷം രൂപ വീതം ചെലവഴിച്ചു. ഉരുൾപൊട്ടലിനെ തുടർന്ന് അപകട ഭീഷണിയിലുള്ള അടുപ്പിൽ കോളനിവാസികളുടെ പുനരധിവാസത്തിന് 6 കോടി രൂപ ചെലവഴിച്ചു. ഉൾനാടൻ ജലഗതാഗത വകുപ്പ് പൂർത്തീകരിച്ച വേങ്ങോളി പാലം നിർമാണത്തിന് 17 കോടി രൂപ ചെലവഴിച്ചു. മാഹി ജലപാതയുടെ കളിയാംപള്ളി പാലം നിർമാണത്തിന് 29 കോടി യും, തയ്യിൽ പാലം നിർമാണത്തിന് 30 കോടി 33 ലക്ഷം രൂപയുടെയും പ്രവൃത്തികൾ നടന്നുവരികയാണ്.
എന്നാൽ, പ്രവാസികളും, മലയോര കർഷകരും ഏറെ അധിവസിക്കുന്ന മണ്ഡലത്തിൽ ഇവർക്കാവശ്യമായ ഒരു പദ്ധതിയും നടപ്പിലാക്കാൻ എം.എൽ.എക്ക് കഴിഞ്ഞിട്ടില്ലെന്നും, കാർഷിക മേഖല ഒന്നാകെ തകർന്നിരിക്കുകയാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നു. വന്യ ജീവി ആക്രമണം, കാർഷിക വിളകളുടെ നാശം എന്നിവയിൽ മലയോര കർഷകർ ഏറെ പ്രതിസന്ധിയിലാണ്.
ഇത്തവണ യു.ഡി.എഫിൽ യുവ നേതാവ് കെ.എം. അഭിജിത്തും എൽ.ഡി.എഫിൽ നിന്ന് അഡ്വ. പി. വസന്തയും തമ്മിലായിരിക്കും ഏറ്റുമുട്ടലെന്ന് ഏതാണ്ട് ഉറപ്പായിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

