കുട്ടികൾ വിളിച്ചു, കല്ലുരുട്ടിയിലെ ‘ലുലു മാൾ’, ഉദ്ഘാടനത്തിന് എം.എൽ.എയെത്തി
text_fieldsകുട്ടികളുടെ മിഠായിക്കട ലിന്റോ ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു
മുക്കം: വേനലവധിക്ക് കല്ലുരുട്ടിയിലെ കുട്ടികൾ ചേർന്നൊരു കുട്ടി ‘സൂപ്പർ മാർക്കറ്റ്’ തുടങ്ങാൻ പദ്ധതിയിട്ടു. പട്ടികയും പഴയ സാരിയും പുതപ്പുമൊക്കെ ഉപയോഗിച്ച് പണിയൊക്കെ തീർത്തു. മിഠായിയും പലഹാരവുമൊക്കെ വാങ്ങിവെച്ചു. ഉദ്ഘാടനം അത്യാവശ്യം അടിപൊളിയായി നടത്തിയാലല്ലേ നാലാളറിയൂ, കച്ചവടം കിട്ടൂ. ആര് ഉദ്ഘാടനം ചെയ്യുമെന്ന് ആലോചിച്ചപ്പോഴാണ്, ‘ഏറ്റവും എളുപ്പത്തിൽ’ കിട്ടാവുന്ന സെലിബ്രിറ്റിയുണ്ടല്ലോ എന്നോർമ വന്നത്.
പിന്നെ ഒന്നും നോക്കിയില്ല, ലിന്റോ ജോസഫ് എം.എൽ.എയെ ഒരു വിളി. താനിപ്പോൾ തിരുവനന്തപുരത്താണെന്നും വ്യാഴാഴ്ച എത്തുമെന്നും അന്നു രാവിലെ തന്നെ ഉദ്ഘാടനം ചെയ്തുതരാമെന്നും എം.എൽ.എയുടെ ഉറപ്പ്. പിന്നെ ഒന്നും ആലോചിച്ചില്ല, കുട്ടികൾ അവരുടെ സംരംഭം തങ്ങളാലാവുംവിധം മോടിപിടിപ്പിച്ചു. രാവിലെ ചുറ്റുവട്ടത്തുള്ള വീടൊക്കെ കയറി ഉദ്ഘാടനത്തിനും ക്ഷണിച്ചു. ‘ലിന്റോ ചേട്ടായി വരും’ ക്ഷണിക്കുന്നരോടുള്ള ഡയലോഗിൽ അതാണ് മെയിൻ പോയന്റ്.
വാക്കുതെറ്റിക്കാതെ രാവിലെതന്നെ എം.എൽ.എയെത്തി. എല്ലാവരും ചേർന്ന് സ്വീകരിച്ചു. ഉദ്ഘാടനവും ചെയ്തു. എക്കാലത്തേക്കും ഓർത്തിരിക്കാനും അവധിയൊക്കെ കഴിഞ്ഞ് സ്കൂളിൽ പോവുമ്പോൾ ഗമയോടെ പറയാനും കുട്ടികൾക്കൊരു മുഹൂർത്തം സമ്മാനിച്ച്, ആദ്യ വിൽപനയും നടത്തി എം.എൽ.എ മടങ്ങി.
ഫോണിലേക്കും ഓൺലൈൻ ഗെയിമുകളിലേക്കും സോഷ്യൽ മീഡിയയിലേക്കും ചുരുങ്ങുമായിരുന്ന കുട്ടികൾ ആരുടേയും നിർദേശമില്ലാതെതന്നെ മനുഷ്യരുടെ ഇടയിൽ നിൽക്കാൻ തീരുമാനിച്ചപ്പോൾ എം.എൽ.എയും കൂടെ ചേരുകയായിരുന്നു. കല്ലുരുട്ടിയിലെ ‘ലുലു മാൾ’ ഉദ്ഘാടനം ചെയ്തതായി ഫോട്ടോ സഹിതം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യാനും എം.എൽ.എ മറന്നില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

