900 രൂപ നാണയം സ്വന്തമാക്കി എം.കെ. ലത്തീഫ്
text_fieldsഎം.കെ ലത്തീഫ് 900 രൂപയുടെ നാണയവുമായി
കോഴിക്കോട്: റിസർവ് ബാങ്ക് പുറത്തിറക്കിയ 900 രൂപയുടെ പുതിയ നാണയം ആദ്യഘട്ടത്തിൽതന്നെ സ്വന്തമാക്കി കോഴിക്കോട് നടക്കാവ് സ്വദേശി എം.കെ. ലത്തീഫ്. കഴിഞ്ഞദിവസം പുറത്തിറക്കിയ 900 രൂപയുടെ നാണയം 40 ഗ്രാം വെള്ളിയിലാണ് നിർമിച്ചിരിക്കുന്നത്. 44 മില്ലിമീറ്റർ അളവുള്ള നാണയം ആദ്യമായാണ് പുറത്തിറക്കുന്നത്. ഭഗവാൻ പാർശ്വനാഥ് ജനിച്ചതിന്റെ ഓർമക്കായാണ് 900 രൂപയുടെ നാണയം പുറത്തിറക്കിയത്. ആദ്യമായാണ് 900 രൂപ നാണയം പുറത്തിറക്കുന്നത്.
നാണയ ശേഖരം വിനോദമാക്കിയ ലത്തീഫ് മോദി സർക്കാർ കാലത്ത് പുറത്തിറക്കിയ എല്ലാ കറൻസികളും ആദ്യംതന്നെ സ്വന്തമാക്കി വാർത്തകളിൽ ഇടം നേടിയ ആളാണ്. 2900 വർഷം മുമ്പ് വാരാണസിയിൽ ആയിരുന്നു പാർശ്വനാഥിന്റെ ജനനം. 100 വർഷം ജീവിച്ച അദ്ദേഹം 2800 വർഷം മുമ്പ് മരണപ്പെട്ടു. അതിന്റെ ഓർമയിൽ 800 രൂപയുടെ നാണയവും പുറത്തിറക്കിയിട്ടുണ്ട്. മുൻകൂട്ടി റിസർവ് ബാങ്കിൽ ബുക്ക് ചെയ്ത് അഞ്ചോ ആറോ മാസങ്ങൾക്കു ശേഷം മാത്രമാണ് ഇത്തരം നാണയങ്ങൾ ആളുകളുടെ കൈകളിൽ എത്തുക. ആദ്യംതന്നെ ലഭിക്കുക എന്ന ലക്ഷ്യത്തോടെ റിസർവ് ബാങ്കിന്റെ മുംബൈ ബ്രാഞ്ചിലേക്ക് നേരിട്ട് പോയാണ് ലത്തീഫ് നാണയം ശേഖരിച്ചത്.
കഴിഞ്ഞ ആഴ്ചയാണ് ഈ നാണയത്തിന്റെ പ്രകാശനം കേന്ദ്ര സർക്കാർ നിർവഹിച്ചത്. നാണയത്തിന് അടുത്ത ആഴ്ച മുതൽ ഓൺലൈൻ ബുക്കിങ് ആരംഭിക്കും. ഇത്തരം നാണയങ്ങൾ വിനിമയത്തിൽ കൊടുക്കാതിരിക്കാൻ ഏകദേശം 7000 രൂപക്ക് മുകളിലാണ് ഇതിന്റെ വില റിസർവ് ബാങ്ക് നിശ്ചയിച്ചത്. കാലിക്കറ്റ് ന്യൂമിസ്മാറ്റിക് സൊസൈറ്റി അംഗം കൂടിയാണ് ലത്തീഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

