അവഗണനയിൽ അലങ്കോലമായി മിഠായിതെരുവ്
text_fieldsമിഠായിത്തെരുവിലെ പൊളിച്ച കെട്ടിടാവശിഷ്ടങ്ങൾ
കോഴിക്കോട്: അവഗണനയിൽ അലങ്കോലമായി ശോഭയറ്റ മിഠായിതെരുവിൽ ഇന്ന് വ്യാപാരികളുടെ പ്രതിഷേധം. വ്യാപാരി വ്യവസായി ഏകോപന സമിതി മിഠായിതെരുവ് യൂനിറ്റിന്റെ നേതൃത്വത്തിലുള്ള പ്രതിഷേധം രാവിലെ 11ന് സമിതി ജില്ല പ്രസിഡന്റ് അഷ്റ ഫ് മൂത്തേടത്ത് ഉദ്ഘാടനം ചെയ്യുമെന്ന് കൺവീനർ സി.പി. അബ്ദുറഹ്മാൻ അറിയിച്ചു.
തെരുവിന്റെ കവാടത്തിലും എൽ.ഐ.സി റോഡിലുമുള്ള വെള്ളക്കെട്ട് പരിഹരിക്കുക, കിഡ്സൺ കെട്ടിടത്തിന്റെ പൊളിച്ചിട്ട അവശിഷ്ടങ്ങൾ എടുത്തുമാറ്റി പാർക്കിങ് പ്ലാസ പണി പെട്ടെന്ന് തീർക്കുക, പൊളിച്ച കെട്ടിടത്തിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുക, കവാടത്തിലെ തടസ്സങ്ങൾ നീക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധം.
മിഠായിതെരുവ് കാണാൻ ദൂരദിക്കിൽനിന്നുപോലും ആളുകൾ വരുന്നുണ്ടെങ്കിലും നവീകരിച്ചതിനുശേഷമുള്ള പ്രൗഢിയെല്ലാം ഇല്ലാതായ അവസ്ഥയാണിപ്പോൾ. ലൈറ്റുകളും ടൈലുകളുമെല്ലാം ഇളകി. പലയിടത്തും വെള്ളക്കെട്ടുണ്ട്. ഓവുചാൽ മിക്കതും അടഞ്ഞു. ഓട വൃത്തിയാക്കാൻ എടുത്തുമാറ്റിയ ടൈലുകളും സ്ലാബുകളുമെല്ലാം തെരുവിന്റെ ഭംഗി കെടുത്തി. തീപിടിത്തംപോലുള്ളവ സംഭവിച്ചാൽ വെള്ളമെത്തിക്കാനുള്ള സംവിധാനങ്ങളും മറ്റും പരിപാലിക്കുന്നില്ലെന്ന് പരാതിയുണ്ട്.
മിഠായിതെരുവ് നവീകരണത്തിന്റെ അടുത്ത ഘട്ടമായി തൊട്ടടുത്ത കോർട്ട് റോഡും മൊയ്തീൻ പള്ളി റോഡും നവീകരിക്കാൻ പദ്ധതിയുണ്ടെങ്കിലും എങ്ങുമെത്തിയില്ല. തെരുവിലും ചുറ്റുമുള്ള ആയിരക്കണക്കിന് കച്ചവടക്കാരും സന്ദർശകരും തൊഴിലാളികളുമുണ്ടെങ്കിലും ഇവർക്കെല്ലാം ഇപ്പോഴും വേണ്ടത്ര ശൗചാലയങ്ങളില്ല.