വികസന നായകൻ
text_fieldsഒരു നാട് വികസനത്തിന്റെ പാതയിലേക്ക് നടന്നുതുടങ്ങണമെങ്കിൽ അതിന് കൃത്യമായ, ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങൾ വേണം. എന്നും ജനങ്ങളോടൊപ്പം നിന്ന് അവരിൽ ഒരാളായി പ്രവർത്തിക്കുന്ന ഒരു ജനപ്രതിനിധിക്ക് മാത്രമേ ജനങ്ങളുടെ മനസ്സറിഞ്ഞ് അവരെക്കൂടി ഒപ്പംകൂട്ടി വികസനത്തിന്റെ കപ്പിത്താനായി നടന്നുനീങ്ങാൻ കഴിയൂ. കേരളത്തിലെ ഏറ്റവും മികച്ച മന്ത്രി എന്ന പേരെടുത്തതിനൊപ്പം ഒരു നാടിനെ ഏറ്റവുംകൂടുതലറിഞ്ഞ, ആ നാടിനെ ഏറ്റവും മികച്ചതാക്കി ഉയർത്തിക്കൊണ്ടുവന്നയാളാണ് അഡ്വ. പി.എ. മുഹമ്മദ് റിയാസ്. കേരള സർക്കാരിലെ ടൂറിസം–പൊതുമരാമത്ത് വകുപ്പു മന്ത്രിയായി പ്രവർത്തിക്കുന്നതിനൊപ്പം തന്റെ മണ്ഡലമായ ബേപ്പൂരിനെ ലോകശ്രദ്ധയാകർഷിക്കുന്ന ഒരു നാടായി അദ്ദേഹം വളർത്തിയെടുത്തു.
അടിസ്ഥാന സൗകര്യ വികസനത്തിലും ടൂറിസം മേഖലയുടെ വളർച്ചയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന റിയാസ് പുതിയ ആശയങ്ങളും കാര്യക്ഷമമായ പ്രവർത്തന രീതിയും കൊണ്ടു പൊതുജന ശ്രദ്ധ നേടിയെടുത്തു. കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പിനെ നവീകരണത്തിന്റെ പാതയിലേക്ക് നയിച്ച അഡ്വ. പി.എ. മുഹമ്മദ് റിയാസ്, റോഡുകളും പാലങ്ങളും അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ നേരിട്ട് സ്വാധീനിക്കുന്നവയാണെന്ന് തിരിച്ചറിഞ്ഞു. അങ്ങനെ അവയുടെ നിലവാരം ഉയർത്തുന്നതിനും നിർമാണപ്രവർത്തനങ്ങളിൽ സുതാര്യത ഉറപ്പാക്കുന്നതിനും പ്രത്യേക ശ്രദ്ധ നൽകി. പൊതുമരാമത്ത് വകുപ്പിൽ സാങ്കേതിക വിദ്യയും ശാസ്ത്രീയ പദ്ധതികളും കൂടുതൽ പ്രാവർത്തികമാക്കി. ടൂറിസം മേഖലയിലും മന്ത്രി റിയാസ് നടത്തിയ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കേരളത്തെ ആഗോള ടൂറിസം ഭൂപടത്തിൽ കൂടുതൽ ശക്തമായി അടയാളപ്പെടുത്തപ്പെട്ടത് റിയാസിന്റെ പ്രവർത്തനംകൊണ്ടുകൂടിയാണ്.
ജനങ്ങളുമായി അടുത്ത ബന്ധം പുലർത്തുകയും അവരുടെ ആവശ്യങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയ്യുന്ന നേതാവെന്ന നിലയിലാണ് റിയാസ് ജനപ്രിയനാകുന്നത്. തന്റെ ബേപ്പൂർ മണ്ഡലത്തെ കേരളത്തിലെ ഏറ്റവും മികച്ച ഇടമാക്കി മാറ്റാൻ അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ പ്രശംസനീയമാണ്. സാമൂഹിക മാധ്യമങ്ങളിലൂടെയും നേരിട്ടുള്ള ഇടപെടലുകളിലൂടെയും പൊതുജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്തുന്ന, ജനങ്ങൾക്കൊപ്പം തോളോടുതോൾചേർന്നുനിന്ന് അവരിലൊരാളായി പ്രവർത്തിക്കുന്ന റിയാസിനെ ആളുകൾ ‘വികസന നായകൻ’ എന്നുവിളിച്ചു. കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനും ടൂറിസം മേഖലയിലെ മുന്നേറ്റത്തിനും പുതുവഴികൾ തുറക്കുന്നതോടൊപ്പം ബേപ്പൂർ മണ്ഡലത്തിന്റെ ഓരോ ചലനത്തിലും ഒപ്പമുണ്ട് എന്നും അഡ്വ. പി.എ. മുഹമ്മദ് റിയാസ്.
ജനങ്ങൾ പറയുന്നത് കേട്ടു
എല്ലാ വകുപ്പുകളുമായി ബന്ധപ്പെട്ട് കിടക്കുന്നതാണ് ടൂറിസം. സ്പോർട്സ്, വ്യവസായം, കൾച്ചറൽ, ഇറിഗേഷൻ, വനം, ആരോഗ്യം തുടങ്ങിയ മേഖലകളുമായി ടൂറിസം ബന്ധപ്പെട്ട് കിടക്കുന്നു. ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള റോഡുകൾ വിവിധ വകുപ്പിന്റേതാണ്. അതിന്റെ ഭാഗമായി വിവിധ പദ്ധതികൾ കൊണ്ടുവന്നു. രണ്ടരകോടിയിലധികം ആഭ്യന്തര ടൂറിസ്റ്റുകൾ 2025-26ൽ കേരളത്തിൽ വന്നു. സർവകാല റെക്കോഡ് ആയിരുന്നു. അതിൽ അടിസ്ഥാന വികസന സൗകര്യം വലിയ പങ്കുവഹിച്ചു. ജനാധിപത്യത്തിൽ എതിർപ്പുകളുണ്ടാകും. അതിനെ ഉൾക്കൊള്ളാൻ കഴിയണം, എന്നാൽ മാത്രമേ വികസനം ജനാധിപത്യപരമായി കൊണ്ടുവരാൻ സാധിക്കൂ. അഭിപ്രായങ്ങൾ കേൾക്കുകയും ഉൾക്കൊള്ളേണ്ടവ സ്വീകരിക്കുകയും വേണം.
ഞാൻ ജനങ്ങൾക്കൊപ്പം
ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ ഇത് മൂന്നും അടങ്ങിയ മണ്ഡലമാണ് ബേപ്പൂർ. കേരളത്തിൽതന്നെ അപൂർവമാണ് ഇങ്ങനെയൊന്ന്. തീരദേശമുണ്ട്, ചാലിയാർ പുഴയുണ്ട്, പോർട്ടുണ്ട്... പുഴയും കടലും മത്സ്യത്തൊഴിലാളികളുമെല്ലാം അടങ്ങുന്നതാണ് ബേപ്പൂർ. റെയിൽവേ സ്റ്റേഷൻ, പരമ്പരാഗത വ്യവസായം അങ്ങനെ വലിയ സാധ്യതകളുള്ള മണ്ഡലമാണ് ബേപ്പൂർ. അത് നല്ല രീതിയിൽതന്നെ കഴിഞ്ഞ അഞ്ചുവർഷം ഉപയോഗിക്കാൻ കഴിഞ്ഞു. വലിയ വികസനങ്ങൾ കൊണ്ടുവന്നു. ജനങ്ങൾ എനിക്കൊപ്പമല്ല, ഞാൻ ജനങ്ങൾക്കൊപ്പമായിരുന്നു. അവർ സംതൃപ്തരാണ്. എല്ലാവരുടെയും സന്തോഷത്തിലും ദുഖത്തിലും ഒരു എം.എൽ.എ എന്ന നിലയിൽ കൂടെനിൽക്കാൻ കഴിഞ്ഞു. എല്ലാ രംഗങ്ങളിലും ബേപ്പൂരിൽ വികസനം സാധ്യമാക്കാൻ കഴിഞ്ഞു എന്നതുതെന്നയാണ് ഏറ്റവും സന്തോഷം നൽകുന്ന കാര്യം.
ആക്ഷേപിക്കുന്നവരോട്, ഞാൻ പ്രവർത്തിച്ചു കാണിക്കുകയാണ്
എന്തെങ്കിലും ആരെങ്കിലും വിളിച്ചുപറഞ്ഞാൽ, അതിനെല്ലാം മറുപടി പറയേണ്ട ആവശ്യമില്ല. നമ്മളെ ബാധിക്കുന്ന വിഷയമാണെങ്കിൽ മാത്രം അതിനെ നേരിട്ടാൽ മതി. ജനങ്ങൾ ആഗ്രഹിക്കുന്നത് വിവാദമല്ല, കലഹങ്ങളല്ല. ആരോഗ്യകരമായ സംവാദവും രാഷ്രടീയ ചർച്ചയും വികസനവുമാണ് ജനങ്ങൾക്കിഷ്ടം. നമുക്കെതിരെ പല ആരോപണവും ഉയരും. എന്നാൽ, അത്തരം ആരോപണങ്ങൾ മറുപടി അർഹിക്കാത്തതാണെങ്കിൽ അതിനായി സമയം പാഴാക്കാതിരിക്കുക. ശരിയായ ദിശയിലാണെങ്കിൽ, പേടിക്കാനൊന്നുമില്ലെങ്കിൽ, കൃത്യമായ ലക്ഷ്യമുണ്ടെങ്കിൽ നാടിന് വേണ്ടി നല്ലത് ചെയ്യാനാകും. നാട് എന്നുപറയുമ്പോൾ അതിൽ എല്ലാവരും ഉൾക്കൊള്ളും. അവർക്ക് വേണ്ടിയാകണം തെരഞ്ഞെടുക്കപ്പെട്ട എല്ലാവരും പ്രവർത്തിക്കേണ്ടത്. എല്ലാ ആരോപണങ്ങൾക്കും മറുപടി പറയാൻ നിന്നാൽ മീഡിയയിൽ ചിലപ്പോൾ ലൈവായി നിൽക്കാൻ സാധിച്ചേക്കും. എന്നാൽ, ജനം ആഗ്രഹിക്കുന്നത് അതല്ല. രാഷ്ട്രീയം പറയേണ്ടിടത്ത് രാഷ്ട്രീയം പറയുക, ആരോഗ്യകരമാകണം. ആവശ്യമില്ലാത്തതിൽ മറുപടി പറയാതിരിക്കുക. വ്യക്തിപരമായി ഒരുപാട് ആക്ഷേപങ്ങൾ നേരിട്ടിട്ടുള്ളയാളാണ് ഞാൻ. അതിനെയൊന്നും ഞാൻ വകവെച്ചുകൊടുത്തിട്ടില്ല, ജനങ്ങൾക്കൊപ്പം നിന്ന് വികസനം എന്തെന്ന് പ്രവർത്തിച്ചുകാണിക്കുകയാണ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

