ദേശാടനപ്പക്ഷികളെത്തി; പനയമാട് തുരുത്തിൽ കളകളാരവം
text_fieldsപനയമാട്ടെത്തിയ സീഗുൽ എന്ന കടൽകാക്കയുടെ കൂട്ടങ്ങൾ
കടലുണ്ടി: ആയിരക്കണക്കിനു കിലോമീറ്ററുകൾ താണ്ടി ഇക്കുറിയും ദേശാടനപ്പക്ഷികൾ പനയമാട്ട് വിരുന്നിനെത്തി. വർഷംതോറും ആഗസ്റ്റ്, സെപ്റ്റംബർ മാസങ്ങളിലെത്തിയിരുന്ന ദേശാടനക്കാർ ഇത്തവണ എത്തിച്ചേരാൻ ഡിസംബർ പകുതിയാകേണ്ടിവന്നു.
അമേരിക്കയിലെ അലാസ്ക സ്വദേശികളായ സീഗുൽ എന്ന കടൽകാക്കകളുടെ കൂട്ടമാണ് ബുധനാഴ്ച സന്ധ്യയോടെ പനയമാട്ടെത്തിയത്.
കാലാവസ്ഥയിൽ സംഭവിച്ച വ്യതിയാനമാണ് മൂന്നു മാസം വൈകിയെത്താനുള്ള കാരണമായി പക്ഷി നിരീക്ഷകർ പറയുന്നത്. സൈബീരിയ, യൂറോപ്പ് എന്നിവിടങ്ങളിലെ കാലാവസ്ഥ പ്രതികൂലമാകുമ്പോൾ സ്വദേശത്തുനിന്ന് യാത്ര പുറപ്പെടും.
മാസങ്ങളോളം നീണ്ട യാത്ര ചെയ്ത് ഒടുവിൽ ശൈത്യകാലമെത്തുമ്പോഴേക്കും ഇവിടെയെത്തിച്ചേരുകയെന്നതാണ് ദേശാടനക്കിളികളുടെ രീതി. അതേസമയം, ഇവിടെ അത്യുഷ്ണമാകുമ്പോൾ ജന്മനാട് ലക്ഷ്യംവെച്ച് തിരിച്ചു പറക്കുന്നതാണ് കാലങ്ങളായി പക്ഷികൾ പിന്തുടർന്നുപോരുന്നത്. പക്ഷികളുടെ പ്രജനനകാലം എപ്പോഴും സ്വദേശത്തു തന്നെയായിരിക്കുമെന്നതും ഇവരുടെ പ്രത്യേകതയാണ്. മാംസഭുക്ക് ഇനത്തിൽപെട്ട കടൽകാക്കയാണ് ഇവിടെയെത്തിയിട്ടുള്ളത്. പാത്തകൊക്കൻ നാള, ചെങ്കണ്ണി തിത്തിരി, വിവിധയിനത്തിൽപെട്ട ആളകൾ തുടങ്ങി 135 ഇനം ദേശാടനപ്പക്ഷികൾ ഇവിടെ എത്തിച്ചേരുന്നുണ്ടെന്നാണ് കണക്ക്.
ദേശാടനക്കിളികളുടെ വരവോടെ നാലു പതിറ്റാണ്ടു മുമ്പാണ് പനയമാട് ലോകശ്രദ്ധ പിടിച്ചുപറ്റിയത്. വിരുന്നുകാരുടെ വരവോടെ ചകിരി പൂഴ്ത്തലും കക്കവാരലും നിർത്തി. പനയമാട് ഉൾപ്പെടുന്ന പ്രദേശം കടലുണ്ടി-വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവായി സർക്കാർ പ്രഖ്യാപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

