സേവനങ്ങളുടെ പേരിൽ ഇടനിലക്കാരെ അനുവദിക്കില്ല: മന്ത്രി അനിൽകുമാർ
text_fieldsനാദാപുരം: സേവനങ്ങളുടെ പേരിൽ റവന്യു വകുപ്പിന്റെ ഓഫിസുകൾ നിയന്ത്രിക്കുന്ന ഇടനിലക്കാരെ അനുവദിക്കില്ലെന്ന് മന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. ജനങ്ങളും ഉദ്യോഗസ്ഥരും തമ്മിലുള്ള നേരിട്ടുള്ള ബന്ധമായിരിക്കും ഓഫിസുകളിൽ ഉണ്ടാവുക. സർക്കാറിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പണിത നാദാപുരം സ്മാർട്ട് വില്ലേജ് ഓഫിസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു മന്ത്രി. നൂറുദിന കർമ പരിപാടിയിൽ ഉൾപ്പെടുത്തി 5000 പട്ടയം നൽകാനാണ് സർക്കാർ തീരുമാനിച്ചത്. എന്നാൽ, പതിനായിരത്തിലധികം പട്ടയങ്ങൾ വിതരണം ചെയ്തുകഴിഞ്ഞു.
രണ്ടര ലക്ഷത്തിൽപരം പരാതികളാണ് വിവിധ ഓഫിസുകളിൽ കെട്ടിക്കിടന്നിരുന്നത്. ഇതിൽ അമ്പതിനായിരത്തിലധികം പരാതികൾക്ക് പരിഹാരമായി. സേവനങ്ങൾ ജനങ്ങളുടെ അവകാശമാണ് ഉദ്യോഗസ്ഥരുടെ ഔദാര്യമല്ല, ഇത് എത്രയും പെട്ടെന്ന് ജനങ്ങളിൽ എത്തിക്കുകയാണ് സർക്കാറിന്റെ ലക്ഷ്യം. നിലവിലെ വില്ലേജ്, താലൂക്ക് ഭൂവിസ്തൃതിയിലും, ഘടനയിലും വൻ അശാസ്ത്രീയതാണ് നിലനിൽക്കുന്നതെന്നും ഘട്ടം ഘട്ടമായി പോരായ്മകൾ പരിഹരിച്ച് കുറ്റമറ്റ സംവിധാനത്തിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.
കെ.എം. അഭിജിത്ത് എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. നവാസ്, ബ്ലോക്ക് പ്രസിഡന്റ് കെ.പി. പ്രദീഷ്, പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ, കെ.എം. രഘുനാഥ്, ബംഗ്ലത്ത് മുഹമ്മദ്, സി.എച്ച്. മോഹനൻ, എ. സജീവൻ, കെ.ടി.കെ. ചന്ദ്രൻ, വത്സരാജ് മണലാട്ട്, ഏരത്ത് ഇഖ്ബാൽ തുടങ്ങിയവർ സംസാരിച്ചു. ബ്ലോക്ക്, പഞ്ചായത്ത് മെംബർമാർ പങ്കെടുത്തു. ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി സ്വാഗതവും എ.ഡി.എം കെ. ഷറീന നന്ദിയും പറഞ്ഞു.
നടുവണ്ണൂർ: നടുവണ്ണൂർ സ്മാർട്ട് വില്ലേജ് ഓഫിസ് ഉദ്ഘാടനം റവന്യൂ മന്ത്രി എ.പി. അനിൽ കുമാർ നിർവഹിച്ചു. വി.ടി. സൂരജ് എം.എൽ.എ അധ്യക്ഷതവഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ, ഇസ്മയിൽ കുറുമ്പൊയിൽ, ഷൈജാ മുരളി, ഫാത്തിമ ഷാനവാസ്, പി. സുജ, റീമ കുന്നുമ്മൽ, ഷൈനി അശോക്, ജില്ല കലക്ടർ എം.എസ്. മാധവിക്കുട്ടി, കെ. ഷറീന തുടങ്ങിയവർ സംസാരിച്ചു. നടുവണ്ണൂർ രജിസ്ട്രാർ ഓഫിസിനു സമീപം 16 സെന്റ് ഭൂമിയിൽ പ്രവർത്തിച്ച പഴയ വില്ലേജ് ഓഫിസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് 45 ലക്ഷം രൂപ ചെലവിൽ പുതിയ സ്മാർട്ട്കെട്ടിടം പണിതത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

