മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസ്: അഞ്ചുപേർ അറസ്റ്റിൽ
text_fieldsപ്രതികളായ ജിഗ്നേഷ്, ഉമേഷ്, മനോജ്, സൂരജ്, സതീശൻ
കോഴിക്കോട്: വീട്ടിലേക്കുള്ള വഴിയിൽ കിടന്നുറങ്ങിയ മധ്യവയസ്കനെ അടിച്ച് കൊലപ്പെടുത്തിയ കേസിൽ അഞ്ചുപേർ അറസ്റ്റിൽ. കൊമ്മേരി സ്വദേശികളായ എരവത്ത്കുന്ന് അമ്മാട്ട് ജിഗ്നേഷ് (48), അമ്മാട്ട് ഉമേഷ് (50), മാണിങ്ങിൽ മനോജ് എന്ന മനു (52), അമ്മാട്ട് മീത്തൽ സൂരജ് (27), അമ്മാട്ട് മീത്തൽ സതീശൻ (41) എന്നിവരെയാണ് മെഡിക്കൽ കോളജ് പൊലീസ് അറസ്റ്റ് ചെയ്തത്.
കൊല്ലപ്പെട്ട കിരൺകുമാർ
എരവത്ത്കുന്ന് അമ്മാട്ട്പറമ്പിൽ കിരൺകുമാറാണ് (45) കൊല്ലപ്പെട്ടത്. ശനിയാഴ്ച രാത്രി വീട്ടിൽനിന്ന് വഴക്കിട്ട് തലയണയുമായി പോയ കിരൺകുമാറിനെ ഞായറാഴ്ച രാവിലെയാണ് വീട്ടിലേക്കുള്ള കോൺക്രീറ്റ് ഇടവഴിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കാലിലും നെഞ്ചിലുമുൾപ്പെടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗുരുതര പരിക്കേറ്റതിന്റെ പാടുകൾ ഇൻക്വസ്റ്റിൽ കണ്ടെത്തിയിരുന്നു. പിന്നാലെ നടന്ന പോസ്റ്റ്മോർട്ടത്തിലാണ് കൊലപാതകമെന്ന് സ്ഥിരീകരിച്ചതും പൊലീസ് അന്വേഷണം ആരംഭിച്ചതും.
കേസിൽ അറസ്റ്റിലായ പ്രതികളിൽ രണ്ടുപേരുമായി കിരൺ മുമ്പ് വഴക്കിട്ടിരുന്നു. ഈ വൈരാഗ്യത്തിൽ ഇവർ കിരണിനോട് വഴിയിൽനിന്ന് പോകാൻ ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം കൂട്ടാക്കിയില്ല. മാത്രവുമല്ല, മദ്യലഹരിയിലായിരുന്ന കിരൺ അസഭ്യം പറയുകയും ചെയ്തു.
ഇതോടെ മറ്റു പ്രതികളെയും വിളിച്ചുവരുത്തി ഇദ്ദേഹത്തെ മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വാർക്കപ്പണിക്കുപയോഗിക്കുന്ന ആണിപ്പാര ഉപയോഗിച്ചാണ് പ്രതികൾ മർദിച്ചത്. ചെരുപ്പിട്ട് നെഞ്ചത്ത് ചവിട്ടിയതും ഗുരുതര പരിക്കുണ്ടാക്കി.
അസി. കമീഷണർ കെ. സുദർശന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ ബെന്നി ലാലു, റസൽ രാജ്, ശശിധരൻ, ഗിരീഷ്, റാം മോഹൻ റോയ്, മനോജ് കുമാർ, ഒ. മോഹൻ ദാസ്, വിനോദ്, ഫൈസൽ, ഹാദിൽ, അർജുൻ, സുമേഷ്, രാഗേഷ്, സന്ദീപ്, രഞ്ജ, സിനീഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.