കോഴിക്കോട് കെ .എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ പൂമുഖം വികൃതം
text_fieldsകെ.എസ്.ആർ.ടി.സി സ്റ്റാൻഡിനു മുന്നിലെ മാലിന്യം
കോഴിക്കോട്: ബലക്ഷയം കാരണം വിവാദങ്ങളിൽപെട്ട മാവൂർ റോഡ് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിന്റെ മുഖം ആരും തിരിഞ്ഞുനോക്കാതെ അലങ്കോലമായി. സ്റ്റാൻഡിന്റെ കവാടത്തിലൊരുക്കിയ ചെടികളും പുൽമേടും നോട്ടമില്ലാതെ നശിക്കുന്നു. മാലിന്യവും പ്ലാസ്റ്റിക്കും കുന്നുകൂടിയിരിക്കയാണ്. കോർപറേഷൻ ആരോഗ്യ വിഭാഗം സ്റ്റാൻഡിനുമുന്നിൽ വൃത്തിയാക്കുന്നതല്ലാതെ മറ്റൊന്നും നടക്കാത്ത സ്ഥിതിയാണ്. സ്റ്റാൻഡിനു മുന്നിലുള്ള ഗതാഗതക്കുരുക്കിനും മാറ്റമൊന്നുമില്ല.
കോഴിക്കോടിന്റെ അഭിമാനമാവുമെന്ന പ്രഖ്യാപനവുമായി തുടങ്ങിയ സ്റ്റാൻഡ് ഇപ്പോൾ നഗരത്തിൽ വന്നിറങ്ങുന്നവർക്കു മുന്നിൽ അപശകുനമെന്നോണം നിൽക്കുന്നു. പുൽത്തകിടിയും ചെടികളുമെല്ലാം നശിച്ച് മാലിന്യം കുന്നുകൂടി. ഉദ്ഘാടനം കഴിഞ്ഞയുടൻ നനക്കലും വളമിടലുമൊക്കെ നടന്നിരുന്നു. ഇപ്പോൾ വെയിൽ കനത്തതോടെ വെള്ളവും പരിചരണവുമില്ലാതെ മിക്കതും ഉണങ്ങി. കൊടിതോരണങ്ങളും ബോർഡുകളുമെല്ലാം സ്റ്റാൻഡിന്റെ മുഖം വികൃതമാക്കിക്കഴിഞ്ഞു. ബസുകൾ സ്റ്റാൻഡിലേക്ക് കയറുന്ന പടിഞ്ഞാറെ കവാടത്തിൽ സ്ഥിരം കുരുക്കാണ്.
ഓട്ടോറിക്ഷകളും യാത്രക്കാരുമായെത്തുന്ന മറ്റ് വാഹനങ്ങളും കവാടത്തിൽ നിർത്തിയിടുന്നതാണ് മുഖ്യ പ്രശ്നം. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന്റെ മുഖ്യ കവാടത്തിലാണ് ഓട്ടോറിക്ഷകൾ നിർത്തി ആളെയിറക്കേണ്ടതെങ്കിലും ബസ് കയറേണ്ട പടിഞ്ഞാറെ കവാടത്തിൽ ആളെയിറക്കുന്നു. ഓട്ടോകളുടെ നിര നീളുന്നതും ബുദ്ധിമുട്ടാവുന്നു. ഓട്ടോ തലങ്ങും വിലങ്ങും നിർത്തുന്നതോടെ സ്റ്റാൻഡിലേക്ക് കയറാനാവാതെ ബസ് റോഡിൽ നിർത്തി ഗതാഗതക്കുരുക്കാവുന്നു.
ബസ് സ്റ്റാൻഡിലേക്ക് ഏതുവഴി കയറണമെന്നറിയാത്ത സ്ഥിതിയും തുടരുന്നു. അനധികൃതമായി വണ്ടി നിർത്തിയിടുന്നത് ഒഴിവാക്കിയും സ്റ്റാൻഡിലേക്കുള്ള പ്രവേശനം കാണിക്കുന്ന സൂചന ബോർഡുവെച്ചും ആശയക്കുഴപ്പം ഒഴിവാക്കാമെങ്കിലും നടപടിയൊന്നുമില്ല. നാലു ലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ 3.22 ഏക്കര്‍ സ്ഥലത്ത് 74.63 കോടി ചെലവില്‍ സ്റ്റാൻഡ് പുതുക്കിപ്പണിതിട്ടും പഴയ പരാതികളെല്ലാം തുടരുന്ന സ്ഥിതിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

