പൊലീസിൽനിന്ന് ബൈക്ക് ലേലത്തിനെടുത്ത യുവാവ് കുടുങ്ങി
text_fieldsമേപ്പയൂർ: പൊലീസ് വിറ്റ ഇരുചക്രവാഹനം വർഷങ്ങൾക്കുശേഷം പൊലീസ് തന്നെ പിടിച്ചെടുത്തതായി പരാതി. കീഴ്പയ്യൂരിലെ മുറിച്ചാണ്ടിയിൽ മുനീറിനാണ് ഈ ദുരനുഭവം. 2013 ആഗസ്റ്റിൽ വാഹനം ലേലം ചെയ്ത് വിൽപന നടത്തുന്നതായി മെഡിക്കൽ കോളജ് പൊലീസിെൻറ പത്ര പരസ്യം കണ്ടാണ് മുനീർ സ്റ്റേഷനിൽ എത്തി ലേലത്തിൽ പങ്കെടുത്തത്. കെ.എൽ 11-ജെ 4033 ഹീറോ ഹോണ്ട ബൈക്ക് ലേലത്തിൽ വിളിച്ചെടുക്കുകയായിരുന്നു. സ്റ്റേഷനിൽനിന്ന് ലഭിച്ച രേഖകൾ ഹാജരാക്കി കൊയിലാണ്ടി ആർ.ടി.ഒ ഓഫിസിൽനിന്ന് രജിസ്ട്രേഷൻ മുനീറിെൻറ പേരിൽ ലഭ്യമായി.
എട്ടു വർഷങ്ങൾക്കുശേഷം കോഴിക്കോട് കസബ പൊലീസ് മുനീറിെൻറ വീട്ടിലെത്തി കളവ് മുതലാണെന്നു കാണിച്ച് നോട്ടീസ് നൽകി മഹസർ തയാറാക്കി ബൈക്ക് പിടിച്ചെടുക്കുകയായിരുന്നു. ഇതു സംബന്ധിച്ച് സിറ്റി പൊലീസ് കമീഷണർക്കും മുഖ്യമന്ത്രിക്കും പരാതി നൽകാൻ ഒരുങ്ങുകയാണ് മുനീർ.
2010ൽ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലാണ് ഈ ബൈക്കെന്നാണ് പൊലീസ് പറയുന്നത്.
എന്നാൽ, മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിൽനിന്ന് ലേല മുതലായി മുനീർ വിലകൊടുത്ത് വാങ്ങിയതാണെന്ന് അവർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. പൊലീസിന് പറ്റിയ പിശക് കാരണം ഇപ്പോൾ നിരപരാധിയാണ് വലയുന്നത്.