മെഗാ ജോബ് ഫെയർ നാളെ കോഴിക്കോട്ട്
text_fieldsകോഴിക്കോട്: ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തിൽ വെസ്റ്റ്ഹിൽ ഗവ. എൻജിനീയറിങ് കോളജിൽ 24ന് മെഗാ ജോബ് ഫെയർ നടത്തും. കേന്ദ്ര സർക്കാറിന്റെ മിഷൻ മോഡ് പ്രോജക്ട് ഫോർ ഇന്റർ ലിങ്കിങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്സ് ഗ്രാന്റ് ഇൻ എയ്ഡ് എന്ന പദ്ധതിയുടെ ഭാഗമായി നാഷനൽ എംപ്ലോയ്മെന്റ് സർവിസ് വകുപ്പ് മുഖാന്തരം സംസ്ഥാന സർക്കാർ എല്ലാ ജില്ലകളിലും മൂന്ന് തൊഴിൽമേളകൾ നടത്തുന്നതിന്റെ ഭാഗമായാണിതെന്ന് സംഘാടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
ജില്ലയിലെ ആദ്യ തൊഴിൽമേള 17ന് കൊയിലാണ്ടിയിൽ നടന്നതിൽ 24 തൊഴിൽദായകർ പങ്കെടുത്ത് 206 പേർക്ക് തത്സമയ നിയമനം ലഭിച്ചിരുന്നു. 721 പേർ ചുരുക്കപ്പട്ടികയിൽ ഇടം നേടി. രണ്ടാമത്തെ തൊഴിൽ മേളയാണ് ശനിയാഴ്ച വെസ്റ്റ്ഹില്ലിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ രാവിലെ ഒമ്പതിന് ഉദ്ഘാടനം ചെയ്യുന്നത്. എം.കെ. രാഘവൻ എം.പി അധ്യക്ഷത വഹിക്കും.
വിവിധ മേഖലകളിൽനിന്നായി അമ്പതിലധികം കമ്പനികൾ പങ്കെടുക്കും. രണ്ടായിരത്തിലധികം ഒഴിവുകളുണ്ട്. എൻ.സി.എസ് പോർട്ടൽ വഴിയും ഗൂഗിൾ ഫോം ലിങ്ക് വഴിയും രജിസ്ട്രേഷൻ നടത്താം. രാവിലെ ഒമ്പതിനുള്ള സ്പോട്ട് രജിസ്ട്രേഷൻ വഴിയും മേളയിൽ പങ്കെടുക്കാം.
ജില്ലയിലെ മൂന്നാമത്തെ തൊഴിൽ മേള പേരാമ്പ്ര മിനി സിവിൽ സ്റ്റേഷനിലെ കരിയർ ഡെവലപ്മെന്റ് സെന്ററിൽ ജൂലൈ ഒന്നിന് നടക്കും. വാർത്തസമ്മേളനത്തിൽ ജില്ല എംപ്ലോയ്മെന്റ് ഓഫിസർ പി. രാജീവൻ, ഡിവിഷനൽ എംപ്ലോയ്മെന്റ് ഓഫിസർ എം.ആർ. രവികുമാർ, കൃഷ്ണ രാജ് തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.