മലയോര മേഖലയിലെ വന്യജീവി ശല്യം; പ്രത്യേക യോഗം വിളിക്കാന്‍ തീരുമാനം
text_fieldsകോഴിക്കോട്: ജില്ലയുടെ മലയോര മേഖലകളില്‍ വന്യമൃഗശല്യം വര്‍ധിച്ചുവരുന്നതുമായി ബന്ധപ്പെട്ട് വനംവകുപ്പ്, തദ്ദേശ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രത്യേക യോഗം വിളിക്കുമെന്ന് ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് ജില്ല വികസന സമിതി യോഗത്തില്‍ അറിയിച്ചു. ജില്ല പദ്ധതിയുടെ അന്തിമ കരട് സമയബന്ധിതമായി സമര്‍പ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് യോഗം നിർദേശം നല്കി. വകുപ്പുകളുടെ പദ്ധതി നിര്‍വഹണ പുരോഗതിയില്‍ ജില്ല, സംസ്ഥാനത്ത് രണ്ടാംസ്ഥാനം കൈവരിച്ചതില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ ജില്ല കലക്ടര്‍ അഭിനന്ദിച്ചു. മാര്‍ച്ച് മാസം അവസാനിക്കുന്നതിന് മുമ്പായി ബാക്കി തുക കൂടി ചെലവഴിച്ച് പദ്ധതി നിര്‍വഹണം പൂര്‍ണതയില്‍ എത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വന്യജീവിശല്യവുമായി ബന്ധപ്പെട്ട് ഇ.കെ. വിജയന് എം.എൽ.എ ഉന്നയിച്ച വിഷയത്തിന് പ്രതികരണമായാണ് ജില്ല കലക്ടര്‍ ഇക്കാര്യം അറിയിച്ചത്. നാദാപുരം മേഖലയിലെ മലയോര പ്രദേശങ്ങളില്‍ പുലിയുടെ സാന്നിധ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ജാഗ്രതയോടെ കാണണമെന്ന് എം.എല്‍.എ പറഞ്ഞു. ഈ മേഖലകളില്‍ പന്നിശല്യവും രൂക്ഷമാണ്.
പന്നികള്‍ വ്യാപകമായി കൃഷി നശിപ്പിക്കുന്ന സംഭവങ്ങള്‍ ഇവിടെ പതിവായിരിക്കുകയാണ്. വിലങ്ങാട് അടുപ്പില്‍ ‘ഉന്നതി’യിലെ കുടിവെള്ള പദ്ധതി പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കണം. താലൂക്ക് ആശുപത്രിയില്‍ ആവശ്യത്തിന് ഡോക്ടര്‍മാരില്ലാത്ത പ്രശ്നത്തിന് പരിഹാരം കാണണം. ശാന്തിനഗര്‍ കോളനിയിലെ പട്ടയപ്രശ്നം പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ കൈക്കൊള്ളണമെന്നും യോഗത്തില്‍ തോട്ടത്തില്‍ രവീന്ദ്രന് എം.എൽ.എ ആവശ്യപ്പെട്ടു.
കിഫ്ബി ഫണ്ടില്‍ അനുവദിച്ച പനാത്തുതാഴം മേൽപാലം നിര്‍മാണവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും യോഗം ബന്ധപ്പെട്ടവര്‍ക്ക് നിർദേശം നല്കി. ദേശീയപാതയിലെ വീതികുറഞ്ഞ സര്‍വിസ് റോഡുകള്‍ക്കായി അടിയന്തര സാഹചര്യങ്ങളില്‍ അധികം സ്ഥലം ഏറ്റെടുക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ല കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അധ്യക്ഷത വഹിച്ചു.
എം.എൽ.എമാരായ തോട്ടത്തില്‍ രവീന്ദ്രന്, ഇ.കെ. വിജയന്, പി.ടി.എ. റഹീം, സബ് കലക്ടര്‍ ഹര്‍ഷില്‍ ആര്. മീണ, ഡെപ്യൂട്ടി കലക്ടര്‍ പി.എന്‍. പുരുഷോത്തമന്, ജില്ല പ്ലാനിങ് ഓഫിസര്‍ ഏലിയാമ്മ നൈനാന്, ഡെപ്യൂട്ടി പ്ലാനിങ് ഓഫിസര്‍ സി.പി. സുധീഷ്, എം.പിമാരുടെയും എം.എൽ.എമാരുടെയും പ്രതിനിധികള്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

