മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി; മാലിന്യം നിറഞ്ഞ് ഫാർമസി പരിസരം
text_fieldsസൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഫാർമസിയിലേക്കുള്ള വഴിയിൽ കക്കൂസ് ടാങ്ക് കവിഞ്ഞൊഴുകുന്നു
കോഴിക്കോട്: മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ ഫാർമസി പരിസരം വൃത്തിയാക്കാനോ മരുന്ന് വാങ്ങുന്നതിനുള്ള പ്രവേശനം ആശുപത്രിക്കകത്തുനിന്നാക്കാനോ നടപടിയെടുക്കാതെ അധികൃതർ. രോഗികൾ മരുന്ന് വാങ്ങാൻ വരിനിൽക്കുന്ന ഭാഗത്തുകൂടെ കക്കൂസ് മാലിന്യം നിറഞ്ഞൊഴുകുന്ന കാഴ്ചയായിരുന്നു ബുധനാഴ്ചയും. ഇത് ചവിട്ടിക്കടന്നുവേണം ഫാർമസിയിലേക്ക് മരുന്ന് വാങ്ങാനെത്താൻ.
രോഗികൾ ഫാർമസിയിലേക്ക് എത്തുന്ന ഭാഗത്ത് ശുചിമുറി മാലിന്യം പൈപ്പുപൊട്ടി പുറത്തുകൂടെ ഒഴുകുന്നത് പതിവ് കാഴ്ചയാണ്. ഇതിന് പുറമേയാണ് ബുധനാഴ്ച ടാങ്ക് നിറഞ്ഞ് മാലിനജലം പരന്നൊഴുകിയത്. മരുന്ന് വാങ്ങാൻ വരിനിൽക്കുന്ന രോഗികളുടെ ദേഹത്തേക്ക് മുകളിൽനിന്ന് മലിനജലം വീഴുന്നത് പരിഹരിക്കാനും അധികൃതർ നടപടി സ്വീകരിച്ചിട്ടില്ല. ഇത് എ.സിയിൽനിന്നുള്ള വെള്ളമാണോ ശുചിമുറിയിൽനിന്നുള്ള വെള്ളമാണോയെന്ന് വ്യക്തമാക്കാൻ പോലും അധികൃതർക്ക് സാധിക്കുന്നില്ല.
സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയുടെയും ഒ.പി കൗണ്ടറിന്റെയും ഇടയിലുള്ള ചെറിയ ഇടനാഴിയിൽ വരിനിന്നാണ് രോഗികൾ മരുന്ന് വാങ്ങുന്നത്. ഗുരുതര അസുഖമുള്ളവരും പ്രായമുള്ളവരും അടക്കം എത്തുന്ന ഇവിടെ ഒരു ഇരിപ്പിടം പോലുമില്ല. ഇതും രോഗികളെ പ്രതിസന്ധിയിലാക്കുന്നു. വൃക്കരോഗികൾ, ഹൃദ്രോഗികൾ, ഉദര രോഗികൾ തുടങ്ങിയ ഗുരുതര അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ തേടിയെത്തുന്ന ആശുപത്രിയിലാണ് മരുന്നുവാങ്ങാനെത്തുന്നവരെ ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർത്തുന്നത്.
1500 ഓളം പേർ ഒ.പിയിൽ ചികിത്സക്ക് എത്തുന്ന സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ മരുന്ന് വിതരണം ചെയ്യാൻ രണ്ടു ഫാർമസിസ്റ്റുകൾ മാത്രമാണുള്ളത്. പല ദിവസങ്ങളിലും ഒരു ഫാർമസിസ്റ്റ് മാത്രമാണ് മരുന്ന് വിതരണത്തിന് ഉണ്ടാവുക. മണിക്കൂറുകൾ കാത്തിരുന്നതിന് ശേഷമായിരിക്കും രോഗികൾക്ക് മരുന്ന് ലഭിക്കുക. പ്രശ്നം രൂക്ഷമായിട്ടും ആവശ്യത്തിന് ഫാർമസിസ്റ്റുകളെ നിയമിക്കാനും അധികൃതർ തയാറായിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

