മരുന്ന് വാങ്ങാം രോഗവുമായി മടങ്ങാം
text_fieldsസൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ വൃത്തിഹീന സാഹചര്യത്തിൽ മരുന്ന് വാങ്ങാൻ വരിനിൽക്കുന്നവർ
കോഴിക്കോട്: ഒരുഭാഗത്ത് നിർമാണപ്രവർത്തനങ്ങൾ തകൃതിയായി നടക്കുമ്പോഴും മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ രോഗികൾക്ക് മരുന്ന് വാങ്ങാൻ ആളുകൾ വരിനിൽക്കുന്നത് വൃത്തിഹീനമായ ഇടനാഴിയിൽ. മരുന്ന് വാങ്ങാനെത്തിയാൽ മാലിന്യത്തിൽ ചവിട്ടിനിന്ന് ദുർഗന്ധം ശ്വസിച്ച്, മണിക്കൂറുകളോളം വരിനിന്ന് മറ്റ് അസുഖങ്ങളുമായി മടങ്ങേണ്ട അവസ്ഥയാണ്.
രോഗികൾ ഫാർമസിയിലേക്ക് എത്തുന്ന ഭാഗത്ത് ശുചിമുറി മാലിന്യം പൈപ്പ് പൊട്ടി പുറത്തേക്ക് ഒഴുകുന്നുണ്ട്. ഇന്റർലോക്ക് ഇളകിക്കിടക്കുന്ന ഈ ഭാഗത്തുവരെ മരുന്നിന് കാത്തിരിക്കുന്നവരുടെ വരി നീളും. ഇവരുടെ ദേഹത്തേക്ക് മുകളിൽനിന്ന് മലിനജലം വീഴുകയും ചെയ്യും. സൂപ്പർ സ്പെഷാലിറ്റി ഒ.പി കൗണ്ടറിന്റെയും ഇടയിലെ ചെറിയ ഇടനാഴിയിൽ വരിനിന്നാണ് മരുന്ന് വാങ്ങുന്നത്. ഗുരുതര അസുഖങ്ങൾക്ക് വിദഗ്ധ ചികിത്സ തേടി രോഗികളെത്തുന്ന ആശുപത്രിയിലാണ് മരുന്നു വാങ്ങാനെത്തുന്നവരെ വൃത്തിഹീന സാഹചര്യത്തിൽ നിർത്തുന്നത്.
ആവശ്യത്തിന് ഫാർമസിസ്റ്റുകളില്ല
1500ഓളം പേർ ഒ.പിയിൽ ചികിത്സക്ക് എത്തുന്ന സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിൽ രണ്ടു ഫാർമസിസ്റ്റുകൾ മാത്രമാണ് ഉള്ളത്. പലദിവസങ്ങളിലും ഒരാളാണ് ഉണ്ടാവുക. ഇത്തരം ദിവസങ്ങളിൽ മണിക്കൂറുകൾ കാത്തിരുന്നാലേ മരുന്ന് ലഭിക്കൂ. കഴിഞ്ഞ വെള്ളിയാഴ്ചയും ശനിയാഴ്ചയും ഒരു ഫാർമസിസ്റ്റ് മാത്രമായതിനാൽ മരുന്ന് വിതരണം വൈകിയതിനെത്തുടർന്ന് രോഗികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. കഴിഞ്ഞ ദിവസം തിരക്കിനിടെ രോഗിക്ക് മരുന്ന് മാറിനൽകിയ അവസ്ഥയുമുണ്ടായി. പിന്നീട് രോഗിയെ കണ്ടുപിടിച്ച് മരുന്ന് തിരിച്ചുവാങ്ങുകയായിരുന്നു. വാർഡുകൾക്ക് വരെ ഫാർമസിസ്റ്റുകളെ നിയമിച്ചപ്പോഴാണ് സൂപ്പർ സ്പെഷാലിറ്റിയിൽ മരുന്ന് എടുത്തുകൊടുക്കാൻ രണ്ടാളെ മാത്രം നിയോഗിച്ചിരിക്കുന്നത്.
സൗകര്യമൊരുക്കുന്നതിൽ വിമുഖത
സൂപ്പർ സ്പെഷാലിറ്റി ആശുപത്രി ഫാർമസിയിൽ മരുന്ന് വാങ്ങാൻ ആവശ്യത്തിന് സൗകര്യമില്ലാത്തത് നേരത്തേ തന്നെ പരാതിക്കിടയാക്കിയിരുന്നു. തുടർന്ന് ഫാർമസിയിലേക്കുള്ള പ്രവേശനം ആശുപത്രിക്കുള്ളിലേക്ക് മാറ്റി ഇരിപ്പിടമടക്കമുള്ള സൗകര്യം ഏർപ്പെടുത്തുന്നതിന് പി.ഡബ്ല്യു.ഡി പദ്ധതി തയാറാക്കിയിരുന്നെങ്കിലും ബന്ധപ്പെട്ടവരിൽനിന്ന് അനുമതി ലഭിക്കാത്തതിനാൽ നിശ്ചലാസ്ഥയിലായി.
ഇതുസംബന്ധിച്ച വിശദീകരണത്തിന് ആശുപത്രി അധികൃതരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ല.എന്നാൽ, ഫാർമസിയുടെ പ്രവേശനം ആശുപത്രിക്കുള്ളിലേക്ക് മാറ്റുന്നതിനുള്ള പദ്ധതിക്കായി ഉടൻ എസ്റ്റിമേറ്റ് തയാറാക്കുമെന്ന് പി.ഡബ്ല്യു.ഡി അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

