മെഡിക്കൽ കോളജ്: പി.എം.എസ്.എസ്.വൈ അത്യാഹിത വിഭാഗം ഈ ആഴ്ച തുറക്കും; ഫയർ എൻ.ഒ.സി എന്ന്?
text_fieldsമെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം
കോഴിക്കോട്: തുടർച്ചയായ തീപിടിത്തങ്ങളെ തുടർന്ന് അടച്ചിട്ട മെഡിക്കൽ കോളജ് പി.എം.എസ്.എസ്.വൈ സർജിക്കൽ സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ഈ ആഴ്ച തന്നെ തുറക്കാൻ ഊർജിത നീക്കം. അഗ്നിരക്ഷാ സേനയുടെ നിരാക്ഷേപപത്രം (ഫയർ എൻ.ഒ.സി) ലഭിക്കാതെയാണ് കെട്ടിടം പുനരാരംഭിക്കാൻ നീക്കം നടത്തുന്നത്.
അത്യാഹിത വിഭാഗം പ്രവർത്തിക്കുന്ന തറനിലക്കും ഒന്നുമുതൽ നാലുവരെ നിലകൾക്കും ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നിരാക്ഷേപ പത്രം ലഭിച്ചിട്ടുണ്ട്. ആദ്യം തീപിടിത്തമുണ്ടായ എം.ആർ.ഐ യൂനിറ്റിനും ഇലക്ട്രിക്കൽ വിഭാഗത്തിന്റെ നിരാക്ഷേപ പത്രം ലഭിച്ചിട്ടില്ല. ഫയർ ഫൈറ്റർ പ്രഷർ ലൈനിലെ മർദം ഏഴു പോയന്റിൽ താഴെയാവാൻ പാടില്ല. എന്നാൽ, കെട്ടിത്തിലെ ലൈനിലെ മർദം പലപ്പോഴും ഏഴിൽ താഴ്ന്നുപോവുന്നുണ്ട്. ലൈനിൽ ചോർച്ചയുണ്ടാവുമ്പോഴാണ് ഇത്തരത്തിൽ പോയന്റിൽനിന്ന് താഴ്ന്ന് പോവുന്നത്.
മർദം നിശ്ചിത അളവിൽ ഉണ്ടെങ്കിൽ മാത്രമേ ഫയർ സുരക്ഷ സംവിധാനങ്ങൾ ഓട്ടോമാറ്റിക് ആയി പ്രവർത്തിക്കുകയുള്ളൂ. മർദം നിശ്ചിത അളവിൽ താഴ്ന്നാൽ യാന്ത്രികമായി മോട്ടോർ പ്രവർത്തിക്കുകയും പൈപ്പുകളിൽ വെള്ളവും മർദവും നിറയുകയും ചെയ്യും.
നിലവിൽ പൈപ്പ് ലൈനിലെ ചോർച്ച കാരണം ഓരോ 10 മിനിറ്റിലും മോട്ടോർ പ്രവർത്തിക്കുന്ന അവസ്ഥയാണ്. ഇത്തരത്തിൽ നിരന്തം പ്രവർത്തിക്കുന്നത് മോട്ടോർ കത്തിനശിക്കാനും ഇടയാക്കും. കേടായ ഫയർ സ്പിങ്ക്ലറുകളും മാറ്റി ഘടിപ്പിക്കേണ്ടതുമുണ്ട്.
വാട്ടർ അതോറിറ്റിയുടെയും ഗെയിലിന്റെയും സാങ്കേതിക വിദഗ്ധരെത്തി പരിശോധന നടത്തിയിട്ടും ഭൂമിക്കടിയിലൂടെയുള്ള പൈപ്പ് ലൈനുകളിലെ വെള്ളത്തിന്റെയും മർദത്തിന്റെയും ചോർച്ച കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. അപാകതകൾ പരിഹരിച്ച് റിപ്പോർട്ട് നൽകാൻ നിർമാണ ചുമതലയുള്ള എച്ച്.എൽ.എൽ ഇൻഫ്രാടെക് സർവിസസിനോട് (ഹൈറ്റ്സ്) നിർദേശിച്ചിരിക്കുകയാണ് ഫയർഫോഴ്സ്.
എന്നാൽ, ചെറിയ പ്രശ്നങ്ങൾ മാത്രമേ പരിഹരിക്കാനുള്ളൂവെന്നും കെട്ടിടം തുറന്നു പ്രവർത്തിക്കാൻ സജ്ജമാണെന്നുമാണ് ഹൈറ്റ്സ് മെഡിക്കൽ കോളജ് അധികൃതരെയും ടെക്നിക്കൽ സമിതിയെയും അറിയിച്ചതെന്നാണ് വിവരം. അതേസമയം കെട്ടിടത്തിലെ അപാകതകൾ പൂർണമായും പരിഹരിക്കുന്നതിൽ ഹൈറ്റ്സ് നിരുത്തരവാദ സമീപനമാണ് കൈക്കൊള്ളുന്നതെന്ന് ആക്ഷേപമുണ്ട്. വീണ്ടും പ്രശ്നമുണ്ടായാൽ ആരാണ് മറുപടി പറയുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
കഴിഞ്ഞ മേയ് രണ്ടിനായിരുന്നു അത്യാഹിത വിഭാഗം എം.ആർ.ഐ യു.പി.എസ് മുറിയിൽനിന്ന് പൊട്ടിത്തെറിയും പുകയും ഉയർന്നത്. തുടർന്ന് രോഗികളെ അടിയന്തരമായി ഒഴിപ്പിച്ചു. അതിനിടെ ഗുരുതരാവസ്ഥയിലുള്ള നാലുരോഗികൾ മരിച്ചു.
പിന്നീട് പുതുതായി ആരംഭിക്കുന്ന തിയറ്റർ പരിശോധനക്കിടെ നാലാം ദിവസം വീണ്ടും തീയും പുകയും ഉയർന്ന് രോഗികളെ വീണ്ടും ഒഴിപ്പിക്കേണ്ടി വരികയും കെട്ടിടം പൂർണമായും അടച്ചിടുകയുമായിരുന്നു. ഒരാഴ്ചക്കകം അഗ്നി രക്ഷാസേനയുടെ നിരാക്ഷേപ പത്രം നേടിയെടുക്കാൻ ശ്രമം നടക്കുന്നുണ്ട്. അടിയന്തരമായി അത്യാഹിത വിഭാഗവും മറ്റുള്ളവ ഘട്ടം ഘട്ടമായി മാറ്റാനുമാണ് ശ്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

