മെഡിക്കൽ കോളജ് മാതൃശിശുസംരക്ഷണ കേന്ദ്രത്തിൽ
text_fieldsമാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ ഒരുങ്ങുന്ന വിശ്രമകേന്ദ്രം
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണകേന്ദ്രത്തിൽ ഗർഭിണികൾക്കൊപ്പമെത്തുന്ന കൂട്ടിരിപ്പുകാർ ഇനി വിശ്രമിക്കാനിടമില്ലാതെ അലയേണ്ടിവരില്ല. കൂട്ടിരിപ്പുകാർക്ക് ഉറങ്ങാൻ ബെഡും പ്രാഥമിക സൗകര്യങ്ങളും അടക്കം അത്യാധുനിക സൗകര്യങ്ങളോടെയുള്ള വിശ്രമകേന്ദ്രം ഉടൻ യാഥാർഥ്യമാവും.
രാജ്യത്ത് തന്നെ ഏറ്റവും വലിയ മാതൃശിശു സംരക്ഷണ കേന്ദ്രങ്ങളിലൊന്നായ മെഡിക്കൽ കോളജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിൽ എളമരം കരീം എം.പിയുടെ വികസനകാര്യ ഫണ്ടിൽ നിന്ന് 2.25 കോടി വിനിയോഗിച്ചാണ് വിശ്രമകേന്ദ്രം നിർമിക്കുന്നത്. വിശ്രമകേന്ദ്രം പൂർത്തിയാവുന്നതോടെ കൂട്ടിരിപ്പുകാരുടെ ദുരിതത്തിന് അറുതിയാവും. മാതൃശിശു സംരക്ഷണ കേന്ദ്രത്തിന് സെക്യൂരിറ്റി കാബിൻ അടക്കമുള്ള പ്രവേശന കവാടവും പദ്ധതിയുടെ ഭാഗമായി പൂർത്തിയാക്കും.
കെട്ടിടത്തിന്റെ തറക്കല്ലിടൽ ഈ മാസം എട്ടിന് വൈകീട്ട് നാലിന് കെട്ടിടത്തിന് എളമരം കരീം എം.പി നിർവഹിക്കും. ഇരു നിലകളിലായി 422 സ്ക്വയർ മീറ്റർ വിസ്തൃതിയിലാണ് വിശ്രമകേന്ദ്രം ഒരുങ്ങുന്നത്. താഴെ നിലയിൽ പുരുഷന്മാർക്കാണ് സൗകര്യപ്പെടുത്തുക. ഇവിടെ കൂട്ടിരിപ്പുകാർക്ക് ഇരുന്ന് ഉറങ്ങാൻ സൗകര്യമുള്ള റിക്ലൈനർ കസേരകൾ സ്ഥാപിക്കാനാണ് തീരുമാനം. ഇത്തരത്തിലുള്ള 40 കസേരകൾ സജ്ജീകരിക്കും. കൂടാതെ പ്രാഥമിക കൃത്യനിർവഹണത്തിനുള്ള സൗകര്യവും ഒരുക്കും. മുകൾ നില പൂർണമായും സ്ത്രീകൾക്കു മാത്രമായിരിക്കും. കൂട്ടിരിപ്പുകാർക്ക് ഉറങ്ങാൻ 22 കിടക്കകളാണ് സജ്ജീകരിക്കുക. ബാത്ത്റൂം സൗകര്യവും ഇതോടൊപ്പം സജ്ജീകരിക്കും. മുകൾ നിലയിലേക്ക് പുരുഷന്മാർക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ലേബർ റൂം വഴിയായിരിക്കും ഇവിടേക്ക് പ്രവേശനം.
ഗർഭിണികൾ ലേബർ റൂമിൽ ആയിരിക്കുമ്പോൾ കൂട്ടിരിപ്പുകാർ നിൽക്കാനോ ഇരിക്കാനോ ഇടമില്ലാതെ ദുരിതമനുഭവിക്കുന്നതിന് പരിഹാരം എന്ന നിലക്കാണ് ഇത്തരമൊരു സജീകരണം ഏർപ്പെടുത്തിയിരിക്കുന്നത്. മെഡിക്കൽ കോളജ് അധികൃതരുടെ ഏറെകാലത്തെ ആവശ്യമായിരുന്നു കൂട്ടിരിപ്പുകാർക്ക് വിശ്രമകേന്ദ്രമെന്നത്.
എം.പി ഫണ്ട് വിനിയോഗിച്ച് മൂന്നു വർഷം മുമ്പ് തയാറാക്കിയ പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാവുന്നത്. കോവിഡ് പ്രതിസന്ധിയിൽ കേന്ദ്രം എം.പിമാരുടെ വികസന ഫണ്ടിന് നിയന്ത്രണം ഏർപ്പെടുത്തിയതോടെ പദ്ധതി നീളുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

