മെഡിക്കൽ കോളജ് തീപിടിത്തം; നിർമാണത്തിൽ വീഴ്ചയെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ട്
text_fieldsകോഴിക്കോട്: ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലെ തീപിടിത്തങ്ങൾക്ക് കാരണം കെട്ടിട നിർമാണത്തിലും സുരക്ഷയിലുമുണ്ടായ വീഴ്ചകളാണെന്ന് അന്വേഷണ കമ്മിറ്റി റിപ്പോർട്ട്. കഴിഞ്ഞ മേയ് രണ്ടിനും അഞ്ചിനും മെഡിക്കൽ കോളജ് ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആരോഗ്യമന്ത്രി ആവശ്യപ്പെട്ടതിനെത്തുടർന്ന് ജില്ല കലക്ടർ നിയോഗിച്ച സബ് കലക്ടർ ഹർഷിൽ ആർ. മീണയുടെ റിപ്പോർട്ടിലാണ് നിർമാണത്തിലെ അപാകതകൾ എടുത്തുപറഞ്ഞിരിക്കുന്നത്.
എൻജിനീയറിങ് വിദഗ്ധൻ കൂടിയ സബ് കലക്ടർ പലതവണ ആശുപത്രി സന്ദർശിക്കുകയും സ്കെച്ചും മാപ്പും പരിശോധിച്ച് കരാർ കമ്പനി ജീവനക്കാരിൽനിന്ന് വിവരാന്വേഷണം നടത്തിയുമാണ് റിപ്പോർട്ട് സമർപ്പിച്ചത്. കാമ്പസിൽ വലിയ തീപിടിത്ത സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടി പൊലീസ് ഇന്റലിജൻസ് വിഭാഗം ഒരു വർഷം മുമ്പ് റിപ്പോർട്ട് നൽകിയിരുന്നു.
ഇത് വേണ്ടത്ര ഗൗരവത്തിലെടുക്കാതിരുന്നത് അപകടത്തിനിടയാക്കി. സൂപ്പർ സ്പെഷാലിറ്റി കെട്ടിടത്തിന്റെ പ്ലാനിൽ നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതായും റിപ്പോർട്ടിലുണ്ട്. കോർപറേഷന്റെയോ അഗ്നിരക്ഷ സേനയുടെയോ എൻ.ഒ.സി നേടിയിരുന്നില്ലെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. ആഗസ്റ്റ് ആദ്യ വാരത്തിലാണ് റിപ്പോർട്ട് സമർപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

