മെഡി. കോളജ് ഐ.സി.യു പീഡനം: സി.സി.ടി.വി ദൃശ്യം ശേഖരിക്കാത്തതിൽ ദുരൂഹത
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് സർജിക്കൽ ഐ.സി.യുവിൽ യുവതി പീഡനത്തിനിരയായ കേസിലും അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിലും പൊലീസോ മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ സമിതികളോ സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിക്കാത്തതിൽ ദുരൂഹത.
സംഭവത്തിൽ പ്രതിക്കെതിരായ മൊഴി തിരുത്താൻ ആശുപത്രി ജീവനക്കാർ പീഡനത്തിനിരയായ യുവതിക്കുമേൽ സമ്മർദം ചെലുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന കേസിലെ സുപ്രധാന തെളിവായിരുന്നു സി.സി.ടി.വി ദൃശ്യങ്ങൾ.
യുവതിയെ പ്രവേശിപ്പിച്ചിരുന്ന 20ാം വാർഡിന്റെ വരാന്തയിൽ സ്ഥാപിച്ച കാമറയിൽ വാർഡിലേക്ക് കയറിയിറങ്ങുന്ന ആളുകളുടെ ദൃശ്യങ്ങൾ പതിയും. എന്നാൽ, കേസ് അന്വേഷിച്ച ഒരു സംഘവും മെഡിക്കൽ കോളജ് അധികാരികളിൽനിന്ന് ഈ ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടില്ല. ഈ ഭാഗത്തെവിടെയും സി.സി.ടി.വി ഇല്ല എന്ന നിലപാടിലായിരുന്നു മെഡിക്കൽ കോളജ് അധികൃതരും. ഐ.സി.യുവിലും പിന്നീട് വാർഡിലും നടന്ന സംഭവങ്ങളിൽ സി.സി.ടി.വി ദൃശ്യങ്ങൾക്ക് പ്രാധാന്യമില്ലെന്നും വ്യാഖ്യാനിക്കപ്പെട്ടു. അതിജീവിതയെ ഭീഷണിപ്പെടുത്തിയ കേസിൽ കഴിഞ്ഞദിവസം തെളിവെടുപ്പിനെത്തിയ ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയന്റ് ഡയറക്ടർ (ജോയന്റ് ഡി.എം.ഇ) ഇതുസംബന്ധിച്ച് മെഡിക്കൽ കോളജ് അധികൃതരോട് വിശദീകരണം തേടിയെന്നാണ് വിവരം.
ഗുരുതര ആരോപണം ഉയർന്നിട്ടും സുരക്ഷാചുമതലയുള്ള ഉദ്യോഗസ്ഥർ എന്തുകൊണ്ട് സി.സി.ടി.വി ദൃശ്യങ്ങൾ ശേഖരിച്ചില്ലെന്നും അന്വേഷണ സംഘം ആരാഞ്ഞിരുന്നുവത്രെ. മെഡിക്കൽ കോളജിലെ സി.സി.ടി.വിക്ക് 14 ദിവസം മാത്രമേ ബാക്കപ്പ് ലഭിക്കുകയുള്ളൂ.
നേരത്തേ സുരക്ഷാജീവനക്കാർക്കുനേരെ അക്രമം നടന്നപ്പോൾ നിമിഷങ്ങൾക്കകം ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. പൊലീസ് ദൃശ്യങ്ങൾ ആവശ്യപ്പെടാൻ വൈകിയത് കാരണം ബാക്കപ്പ് ലഭിക്കാതിരുന്നതിനാൽ ഇത് വീണ്ടെടുക്കാൻ ഡി.വി.ആർ കണ്ടുകെട്ടുകയായിരുന്നു.
പ്രമാദമായ കേസായിട്ടും പീഡനപരാതിയിൽ ആരോപണങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കാൻ സഹായിക്കുന്ന ദൃശ്യങ്ങൾ മെഡിക്കൽ കോളജ് ആഭ്യന്തര അന്വേഷണ സമിതിപോലും പരിശോധിച്ചില്ലെന്നത് ഗുരുതര വീഴ്ചയും പ്രതികളെ സംരക്ഷിക്കാനുള്ള ശ്രമമാണെന്നും സംശയിക്കപ്പെടുന്നുണ്ട്. സംഭവത്തിൽ മെഡിക്കൽ കോളജ് സൂപ്രണ്ടിന് പരാതി നൽകുന്നതിന് മുമ്പുതന്നെ യുവതി മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

