മെഡി. കോളജ് ആശുപത്രിയിലെ ആക്രമണം: പ്രതികൾക്കെതിരെ പുതിയ വകുപ്പ് ചേർത്തു
text_fieldsകോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ സുരക്ഷ ജീവനക്കാരെയും മാധ്യമപ്രവർത്തകനെയും മർദിച്ച കേസിൽ പ്രതികൾക്കെതിരെ പൊലീസ് ഒരു വകുപ്പു കൂടി ചുമത്തി. 333 വകുപ്പ് പ്രകാരം, ജീവനക്കാരനെ ഗുരുതരമായി പരിക്കേൽപിച്ചെന്ന കുറ്റമാണ് പുതുതായി ചേർത്തത്. ഇതുകൂടി ചുമത്തിയതോടെ സെഷൻസ് കോടതിയിൽ മാത്രം വിചാരണ നടത്താവുന്ന കേസായി. 10 വർഷം വരെ തടവ് ചുമത്താവുന്ന കേസായതിനാലാണിത്.
323 (ബോധപൂർവം പരിക്കേൽപിക്കൽ), 341 (അന്യായമായി തടഞ്ഞുവെക്കൽ), 332 (പൊതുസേവകനെ ആക്രമിക്കൽ), 347 (തടഞ്ഞുവെക്കൽ), 308 (കഠിന ദേഹോപദ്രവം) തുടങ്ങിയ വകുപ്പുകളാണ് നേരത്തെ ചുമത്തിയത്. പ്രതികളുടെ ജാമ്യാപേക്ഷയെ സുരക്ഷ ജീവനക്കാർക്കായി ഹാജരായ അഭിഭാഷക മജിസ്ട്രേറ്റ് കോടതിയിൽ എതിർത്തു. ആക്രമിക്കപ്പെട്ട സുരക്ഷ ജീവനക്കാർക്ക് പ്രതികളുടെ ഭാഗത്തുനിന്ന് ഭീഷണിയുണ്ടെന്ന് അഡ്വ. ബവില ഉമ്മർ കോടതിയെ അറിയിച്ചു. പ്രതികൾ നൽകിയ ജാമ്യാപേക്ഷയിൽ മജിസ്ട്രേറ്റ് കോടതി വാദം കേട്ടശേഷം വിധിപറയാൻ വെള്ളിയാഴ്ചത്തേക്ക് മാറ്റി.
കേസിൽ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം കോവൂർ സ്വദേശി കെ. അരുൺ, പ്രാദേശിക നേതാക്കളായ ഇരിങ്ങാടൻ പള്ളി സ്വദേശി എ.കെ. അശിൻ, ഗുരുവായൂരപ്പൻ കോളജ് സ്വദേശി കെ. രാജേഷ്, മായനാട്ടെ പി.കെ.എം. മുഹമ്മദ് ഷബീർ, കോവൂർ സ്വദേശി എം. സജിൻ എന്നിവരാണ് റിമാൻഡിൽ കഴിയുന്നത്. മറ്റ് രണ്ടുപ്രതികളെ ഇനിയും അറസ്റ്റ് ചെയ്യാനായിട്ടില്ല.
മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് വിമുക്തഭടന്മാരുടെ സംഘടനയായ എക്സ് സർവിസ് മെൻ -എക്സ് സി.എ.പി.എഫ് കോഓഡിനേഷൻ കമ്മിറ്റി വ്യാഴാഴ്ച സിറ്റി പൊലീസ് മേധാവിയുടെ ഓഫിസിലേക്ക് മാർച്ച് നടത്തും. രാവിലെ 11ന് ടൗൺഹാൾ പരിസരത്തുനിന്നാണ് മാർച്ച് ആരംഭിക്കുകയെന്ന് കമ്മിറ്റി അറിയിച്ചു.
ആഗസ്റ്റ് 31നാണ് മെഡിക്കൽ കോളജ് ആശുപത്രി സന്ദർശക കവാടത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന മൂന്ന് സുരക്ഷ ജീവനക്കാരെ ഡി.വൈ.എഫ്.ഐ സംഘം ആക്രമിച്ചത്. ഇത് റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവർത്തകന് മർദനമേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

