ടൂറിസ്റ്റ് ഹോമിൽ നിന്നും എം.ഡി.എം.എ പിടിച്ച കേസ്: മൂന്നാം പ്രതിയും അറസ്റ്റിൽ
text_fieldsമുഹമ്മദ് ഷമീൽ
കോഴിക്കോട്: കാരന്തൂരിലെ ടൂറിസ്റ്റ് ഹോമിൽ നിന്നും 221.89 ഗ്രാം എം.ഡി.എം.എ പിടിച്ച കേസിലെ മൂന്നാം പ്രതിയും അറസ്റ്റിൽ. മലപ്പുറം മഞ്ചേരി തൃക്കലങ്ങോട് സ്വദേശി പൂഴിക്കുത്ത് വീട്ടിൽ മുഹമ്മദ് ഷമീലിനെയാണ് (24) കുന്ദമംഗലം പൊലീസ് മൈസൂരുവിൽനിന്ന് പിടികൂടിയത്.
ജനുവരി 21ന് രജിസ്റ്റർ ചെയ്ത കേസിൽ നേരത്തെ അറസ്റ്റിലായ കാസർകോട് മഞ്ചേശ്വരം സ്വദേശി ബായാർപദവ് ഹൗസിൽ ഇബ്രാഹിം മുസമിൽ (27), കോഴിക്കോട് ഉമ്മളത്തൂർ സ്വദേശി ശിവഗംഗയിൽ അഭിനവ് (24) എന്നിവരെ തെളിവെടുപ്പിന് ബംഗളൂരുവിൽ കൊണ്ടുപോയിരുന്നു. തെളിവെടുപ്പിനിടെ പ്രതികൾ താമസിച്ച ലോഡ്ജിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതോടെയാണ് കൂട്ടുപ്രതി മുഹമ്മദ് ഷമീലിനെക്കുറിച്ച് വിവരം ലഭിച്ചത്.
തുടർന്നുള്ള അന്വേഷണത്തിൽ മുഹമ്മദ് ഷമീലിന്റെ മൊബൈൽ ലൊക്കേഷൻ മൈസൂരുവിലാണെന്ന് മനസിലാക്കിയ പൊലീസ് അവിടേക്ക് തിരിച്ചു. മൈസൂരുവിലെ വൃന്ദാവൻ ഗാർഡനു സമീപത്തെ ഹോട്ടലിനടുത്തുനിന്ന് ഇൻസ്പെക്ടർ കിരണിന്റെ നിർദേശ പ്രകാരം എസ്.ഐ നിതിൻ, എസ്.സി.പി.ഒമാരായ ബിജു മുക്കം, അജീഷ് താമരശ്ശേരി, വിജേഷ് പുല്ലാളൂർ എന്നിവരാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ബംഗളൂരുവിൽ നിന്നും എം.ഡി.എം.എ കോഴിക്കോട്ടേക്ക് എത്തിച്ച് നൽകുന്ന കണ്ണികളിൽപ്പെട്ടവരാണ് പിടിയിലായ മൂന്നു പേരുമെന്ന് പൊലീസിന് വ്യക്തമായി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

