മൂന്ന് കോടി എവിടെ പോയെന്ന് മേയർ വ്യക്തമാക്കണം -യു.ഡി.എഫ്
text_fieldsകോഴിക്കോട്: പഞ്ചാബ് നാഷനൽ ബാങ്കിലെ കോർപറേഷൻ അക്കൗണ്ടിൽ നിന്ന് 15.24 കോടി നഷ്ടമായെന്ന് കോർപറേഷൻ മേയറും ഡെപ്യൂട്ടി മേയറും വ്യക്തമാക്കിയിരുന്നതാണ്. അന്വേഷണ ചുമതല ഏറ്റെടുത്ത ജില്ല ക്രൈംബ്രാഞ്ചും ബാങ്ക് അധികാരികളും പറയുന്നത് 12 കോടി എന്നാണ്.
ഇതിനിടയിലുള്ള മൂന്ന് കോടിയോളം രൂപ എവിടെ പോയെന്ന് മേയറും ഡെപ്യൂട്ടി മേയറും വ്യക്തമാക്കണമെന്ന് യു.ഡി.എഫ് കൗൺസിൽ പാർട്ടി ആവശ്യപ്പെട്ടു. വാർത്തസമ്മേളനത്തിലാണ് മേയർ 15.24 കോടി നഷ്ടമായ വിവരം കഴിഞ്ഞ ദിവസം പറഞ്ഞത്. യാഥാർഥ്യം മനസ്സിലാക്കിയ ശേഷമാണല്ലോ ഇരുവരും വെളിപ്പെടുത്തിയത്. വിപുലമായ ഓഡിറ്റ് വിഭാഗവും ധനകാര്യ വിഭാഗവും കോർപറേഷൻ ഓഫിസിലുള്ളപ്പോൾ അവരൊന്നും കാര്യങ്ങൾ അറിഞ്ഞില്ല എന്ന് പറയാനാവില്ല.
പൊതു ചുമതലയുള്ള സെക്രട്ടറി കാര്യത്തിൽ അലംഭാവം കാണിച്ചു എന്നുള്ള ആക്ഷേപം ആവർത്തിക്കുന്നു. ഇതേക്കുറിച്ച് ഒന്നും അറിയില്ലെന്നും ബന്ധപ്പെട്ട രജിസ്റ്ററുകൾ സൂക്ഷിക്കാൻ പ്രയാസമുണ്ടെന്നുമാണ് സെക്രട്ടറി യു.ഡി.എഫ് സംഘത്തോട് തുറന്നു സമ്മതിച്ചത്.
ഈ വീഴ്ചയാണ് ഇത്തരം ക്രമക്കേടുകൾക്ക് സാഹചര്യം ഒരുക്കിയത്. ജനാധിപത്യ രീതിയിൽ പ്രതിഷേധിക്കുന്നവരെ കള്ളക്കേസിൽ കുടുക്കി മർദിച്ചൊതുക്കാനാണ് ശ്രമമെങ്കിൽ അത് വിലപ്പോകില്ലെന്ന് യു.ഡി.എഫ് പാർട്ടി ലീഡർ കെ.സി. ശോഭിതയും ഡെപ്യൂട്ടി ലീഡർ കെ. മൊയ്തീൻ കോയയും പറഞ്ഞു.
കോര്‍പറേഷന്‍ ഫണ്ട് തട്ടിപ്പ് കേസ് സി.ബി.ഐക്ക് കൈമാറണം -അഡ്വ.വി.കെ. സജീവന്‍
കോഴിക്കോട്: വലിയ സാമ്പത്തിക തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ട സാഹചര്യത്തില്‍ കോര്‍പറേഷന്‍ ഫണ്ട് തട്ടിപ്പ് കേസ് സി.ബി.ഐയെ ഏൽപിക്കണമെന്ന് ബി.ജെ.പി ജില്ല പ്രസിഡന്‍റ് അഡ്വ. വി.കെ. സജീവന്‍ ആവശ്യപ്പെട്ടു. സെന്‍ട്രല്‍ വിജിലന്‍സ് കമീഷന്‍റെ പുതിയ ചട്ടപ്രകാരം മൂന്നു കോടിക്കു മുകളിലുള്ള തട്ടിപ്പുകള്‍ പുറത്തുവന്ന് ഒരാഴ്ചക്കം റിസര്‍വ് ബാങ്കിന് റിപ്പോര്‍ട്ട് ചെയ്ത് ദേശീയ ഫ്രോഡ് രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും അന്വേഷണം നടത്താന്‍ കേന്ദ്ര ഏജന്‍സിയെ ചുമതലപ്പെടുത്തുകയും വേണം.
15.24 കോടി വിവിധ അക്കൗണ്ടുകളില്‍ നിന്ന് ആറുമാസം കൊണ്ട് നഷ്ടപ്പെട്ടിട്ടും കോര്‍പറേഷന്‍ ധനകാര്യവിഭാഗം അതറിഞ്ഞില്ലെന്ന് പറയുന്നത് ആശ്ചര്യകരമാണ്. 15 കോടിക്ക് മുകളില്‍ തട്ടിപ്പ് നടത്തിയ മാനേജരുടെ അക്കൗണ്ടുകളില്‍ കാര്യമായ പണമൊന്നും ബാക്കിയില്ലെന്നതും അയാളുടെ ജീവിതസാഹചര്യം മെച്ചപ്പെടാത്തതും സംശയം ജനിപ്പിക്കുകയാണെന്നും വി.കെ. സജീവന്‍ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.