പുലിഭീതി: മാവൂരിൽ വനപാലകർ പരിശോധന നടത്തി
text_fieldsപുലിയെ കണ്ടെന്ന സംശയത്തെ തുടർന്ന് മാവൂർ ഗ്രാസിം ഭൂമിയിൽ വനപാലകർ പരിശോധന നടത്തുന്നു
മാവൂർ: എളമരം റോഡിൽ ബൈക്ക് യാത്രക്കാരൻ പുലിയെ കണ്ടെന്ന് അറിയിച്ചതിനെത്തുടർന്ന് വനപാലകരും റാപ്പിഡ് റെസ്പോൺസ് ടീമും ഗ്രാസിം ഫാക്ടറി ഭൂമിയിൽ പരിശോധന നടത്തി. വനംവകുപ്പ് പീടികപ്പാറ സെക്ഷൻ ഡെപ്യൂട്ടി റേഞ്ച് ഓഫിസർ പി. സുബീറിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കാലടിപ്പാടുകളോ പുലിയുടെ സാന്നിധ്യം സ്ഥിരീകരിക്കുന്ന മറ്റ് തെളിവുകളോ കണ്ടെത്താനായില്ല. ബൈക്ക് യാത്രക്കാരൻ കണ്ടത് കാട്ടുപൂച്ചയെയോ പുലിപ്പൂച്ചയെയോ ആകാമെന്ന നിഗമനത്തിലാണ് വനപാലകർ. അതേസമയം, പുലിയുടെ സാന്നിധ്യം പൂർണമായി തള്ളിക്കളയാനാകില്ലെന്നും ജാഗ്രത തുടരുമെന്നും വനപാലകർ അറിയിച്ചു.
തിങ്കളാഴ്ച രാത്രി 8.45ഓടെ ഇതുവഴി കടന്നുപോയ പെരുവയൽ സ്വദേശി ശ്രീജിത്താണ് അജ്ഞാത ജീവിയെ കണ്ടത്. റോഡ് മറികടന്ന് ഓടിപ്പോയത് പുലിയാണെന്ന് ഇയാൾ ആവർത്തിച്ച് പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പ്രദേശത്ത് ഭീതി പരന്നിരുന്നു. ഗ്രാസിം ഫാക്ടറി പ്രവർത്തിച്ചിരുന്ന കാലത്ത് എട്ടാം ഗേറ്റ് ഉണ്ടായിരുന്ന ഭാഗത്താണ് ജീവിയെ കണ്ടത്. മതിലിന് മുകളിൽനിന്ന് റോഡിലേക്ക് ചാടിയ ജീവി റോഡ് മുറിച്ചുകടന്ന് എതിർവശത്ത് ഗ്രാസിം ഓഫിസേഴ്സ് ക്വാർട്ടേഴ്സുണ്ടായിരുന്ന വളപ്പിലേക്ക് മതിൽ ചാടിക്കടന്ന് പോവുകയായിരുന്നു. ഗ്രാസിം ഫാക്ടറിയുടെ ഏക്കർ കണക്കിന് സ്ഥലം കാടുമൂടിയിരിക്കുകയാണ്.
കാട്ടുപന്നികളുടെയും മറ്റും വിഹാരകേന്ദ്രമാണിത്. മാവൂർ -എളമരം റോഡിൽ ഗ്രാസിം കോമ്പൗണ്ടിന്റെ ഭാഗം വിജനവും ഇരുട്ടു മൂടിയതുമാണ്. ആർ.ആർ.ടി സെക്ഷൻ ഓഫിസർ പി. പ്രജീഷ്, ബീറ്റ് ഓഫിസർമാരായ എം. ഷനോജ്, ടി. ബിനോയ് തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വളപ്പിൽ റസാഖ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, മാവൂർ പൊലീസ്, ഗ്രാസിം മാനേജ്മെന്റ് പ്രതിനിധി, വാപ്കോ പ്രതിനിധികൾ എന്നിവരും സ്ഥലത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

