മാവൂർ ഉപതെരഞ്ഞെടുപ്പ്: 86.1 ശതമാനം പോളിങ്
text_fieldsമാവൂർ: ഗ്രാമപഞ്ചായത്ത് 11ാം വാർഡിൽ താത്തൂർ പൊയിലിൽ വ്യാഴാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ 86.1 ശതമാനം പോളിങ്. ആകെ1259 വോട്ടർമാരിൽ 1084 പേർ വോട്ട് രേഖപ്പെടുത്തി. ഒന്നാം ബൂത്തായ താത്തൂർ പൊയിലിൽ 87.08 ശതമാനം പേർ വോട്ട് ചെയ്തു.
ഈ ബൂത്തിലെ 635 വോട്ടർമാരിൽ 553 പേരാണ് വോട്ട് ചെയ്തത്. രണ്ടാം ബൂത്തായ പൈപ്പ്ലൈൻ സെൻറ് മേരീസ് സ്കൂളിൽ 624 വോട്ടർമാരിൽ 531 പേർ വോട്ട് രേഖപ്പെടുത്തി. 85.09 ശതമാനമാണ് പോളിങ്. വോട്ടെടുപ്പ് സമാധാനപരമായിരുന്നു. വെള്ളിയാഴ്ച രാവിലെ എട്ടിന് വോട്ടെണ്ണും. എട്ടരയോടെ ഫലമറിയാം.
തെരഞ്ഞെടുക്കപ്പെടുന്നയാൾ നടപടിക്രമം പൂർത്തിയാകുന്ന മുറക്ക് രാവിലെതന്നെ നടക്കുന്ന ചടങ്ങിൽ സത്യപ്രതിജ്ഞ ചെയ്യും. മുൻ വൈസ് പ്രസിഡൻറും സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷയും നിലവിൽ ഈ വാർഡിലെ അംഗവുമായിരുന്ന കോൺഗ്രസിെല കെ.സി. വാസന്തി വിജയനും സി.പി.എമ്മിലെ സുനിൽകുമാർ പുതുക്കുടിയും തമ്മിലാണ് പ്രധാന പോരാട്ടം.
മുകുന്ദൻ (ബി.ജെ.പി), ഹംസ (എസ്.ഡി.പി.ഐ), അബ്ദുൽ റസാഖ് (സ്വത.) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ. കോൺഗ്രസ് സ്ഥാനാർഥി അനിൽകുമാർ പാറപ്പുറത്ത് മരിച്ചതിനെതുടർന്നാണ് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. നിലവിൽ ആർ.എം.പി.ഐ അംഗത്തിെൻറ പിന്തുണയിലൂടെ നേടിയ ഒരു സീറ്റിെൻറ ഭൂരിപക്ഷത്തിലാണ് പഞ്ചായത്ത് യു.ഡി.എഫ് ഭരിക്കുന്നത്.