അറബിക്കടലോരത്ത് ആഘോഷാരവം; 'മാവേലിക്കസ് 2025' ന് തുടക്കം
text_fieldsമാവേലിക്കസ്- 2025ന്റെ ഭാഗമായി ബീച്ചിൽ നടന്ന രാജസ്ഥാനി നാടോടി ബാൻഡായ മങ്കാനിയാർ സെഡക്ഷൻ സംഗീത
ദൃശ്യ പരിപാടിയിൽനിന്ന്
കോഴിക്കോട്: കോഴിക്കോടിന്റെ ഓണാഘോഷം 'മാവേലിക്കസ് 2025' ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മാവേലിക്കസ് രാജ്യത്തെ അറിയപ്പെടുന്ന കലാകാരന്മാർ പങ്കെടുക്കുന്ന ഉത്സവമായി മാറിക്കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. 2025 ലെ ഓണസമ്മാനമായി ആനക്കാംപൊയിൽ- കള്ളാടി, മേപ്പാടി തുരങ്ക പാതയുടെ പ്രവൃത്തി ഉദ്ഘാടനമാണ് ജനങ്ങൾക്ക് നൽകിയതെങ്കിൽ 2026 ൽ വിദേശ രാജ്യങ്ങളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള കനാൽ സിറ്റി പദ്ധതി ഓണസമ്മാനമായി നൽകുമെന്നും മന്ത്രി പറഞ്ഞു.
മാവേലിക്കസ് പരിപാടി കോഴിക്കോടിന്റെ ഉത്സവമായി മാറുമെന്ന് പരിപാടിയുടെ മുഖ്യാതിഥിയായ മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. എം.എൽ.എമാരായ തോട്ടത്തിൽ രവീന്ദ്രൻ, അഹമ്മദ് ദേവർകോവിൽ, കെ.പി. കുഞ്ഞമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി, കലക്ടർ സ്നേഹിൽ കുമാർ സിങ്, കോഴിക്കോട് സിറ്റി പൊലീസ് കമീഷണർ നാരായണൻ, കെ.ടി.ഐ.എൽ ചെയർമാൻ എസ്.കെ. സജീഷ്, സംഘാടക സമിതി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. മെഗാ പൂക്കള മത്സര വിജയികൾക്കുള്ള സമ്മാനദാനവും നടത്തി.
ഒന്നു മുതൽ ഏഴ് വരെ ജില്ലയിലെ വിവിധ ഭാഗങ്ങളിലെ ഒമ്പത് വേദികളിലായാണ് പരിപാടികൾ നടക്കുന്നത്. സര്ഗാലയ ക്രാഫ്റ്റ് വില്ലേജിലെ പ്രവേശന ഫീസ് ഒഴികെ എല്ലാ വേദികളിലും പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. വേദികളിൽ വൈകീട്ട് ആറിനാണ് പരിപാടികൾ ആരംഭിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

