ജില്ലയിൽ ഇടതിന് വൻ വോട്ട് ചോർച്ച; മണ്ഡലങ്ങളിൽ വർധിച്ച വോട്ടിന്‍റെ ആനുപാതിക പങ്കും ലഭിച്ചില്ല
text_fieldsകോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തുടനീളമുണ്ടായ ശക്തമായ ഭരണവിരുദ്ധ തരംഗം മാത്രമല്ല കോഴിക്കോട്ടെ ഇടതുകോട്ടകളുടെ അടിവേരിളക്കിയത്. തോൽവിയുടെ കാരണമായി വർഗീയ ധ്രുവീകരണമെന്നാണ് എൽ.ഡി.എഫ് പറയുന്നതെങ്കിലും ഇടതു കേന്ദ്രങ്ങളിൽ നിന്ന് തന്നെയുള്ള വോട്ട് മാറ്റം അവർ സമ്മതിക്കുന്നില്ല. ജില്ലയിലെ ഇടത് ആധിപത്യം ഒരിക്കലും തകരില്ലെന്ന അമിത ആത്മവിശ്വാസത്തിനൊപ്പം പിണറായി വിരുദ്ധതയും പാർട്ടിയുടെ അടിത്തട്ടിൽ വരെ വോട്ട് മാറ്റത്തിന് കാരണമായെന്ന് പ്രവർത്തകർ രഹസ്യമായി പറയുന്നു.
വൺ മാൻ ഷോക്കെതിരെയുള്ള എതിർപ്പ് പാർട്ടി കമ്മിറ്റികളിൽ പറഞ്ഞാൽ വിഭാഗീയത, ശത്രുത തുടങ്ങിയ കുറ്റപ്പെടുത്തലുകൾ വരും. ഇതോടെ പ്രവർത്തകർ പോളിങ് ബൂത്തിൽ രോഷം വ്യക്തമാക്കുകയായിരുന്നു. മാത്രമല്ല, കഴിഞ്ഞ ഏതാനും തെരഞ്ഞെടുപ്പുകളിലായി ജില്ലയിൽ സി.പി.എമ്മിനുണ്ടാകുന്ന വോട്ട് ചോർച്ചയും പരിശോധിക്കേണ്ടതുണ്ട്. ഈ വർഷം മണ്ഡലങ്ങളിൽ വർധിച്ച വോട്ടർമാരുടെ എണ്ണത്തിന്‍റെ ആനുപാതിക പങ്ക് പോലും എൽ.ഡി.എഫിന് ലഭിച്ച വോട്ടുകളിൽ കാണാനില്ലെന്നത് തോൽവിയുടെ ആഴം വ്യക്തമാക്കുന്നതാണ്.
നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ച പോലെയാണ് ഇത്തവണ പാർട്ടി അണികളും അനുഭാവികളും വോട്ട് ചെയ്തത്. പല മണ്ഡലത്തിലും വോട്ടർമാരുടെ എണ്ണം വർധിച്ചിട്ടും ലഭിച്ച വോട്ടുകളുടെ എണ്ണം കുറഞ്ഞതോടെ അത് വ്യക്തമാണ്. 2021 നിയമസഭ തെരഞ്ഞെടുപ്പിനേക്കാൾ രണ്ടര ലക്ഷത്തോളം വോട്ടർമാരുടെ വർധനയാണ് ജില്ലയിൽ ഇത്തവണയുണ്ടായത്. എന്നാൽ, ഇടതിന്‍റെ ശക്തിദുർഗങ്ങളായ മണ്ഡലങ്ങളിൽ പോലും ഈ വോട്ടുകൾ സ്വന്തമാക്കാനായില്ല. ബാലുശ്ശേരി മണ്ഡലത്തിൽ 2021ലെ വോട്ടർമാരുടെ എണ്ണം 2,15,000 ആയിരുന്നെങ്കിൽ ഇത്തവണ അത് 2,28,689 ആയി വർധിച്ചിരുന്നു. ഇവിടെ 2021ൽ 91,839 വോട്ട് എൽ.ഡി.എഫ് സ്ഥാനാർഥി നേടിയിരുന്നു. ഇത്തവണ അത് 77,824 ആയാണ് കുറഞ്ഞത്. ജില്ലയിൽ ഇത്തവണ മാനം കാത്ത ബേപ്പൂരിലും സ്ഥിതി സമാനമാണ്. കഴിഞ്ഞ തവണത്തേക്കാൾ ഇത്തവണ 18,000 വോട്ടുകളാണ് മണ്ഡലത്തിൽ വർധിച്ചത്. എന്നാൽ, 2021ൽ ലഭിച്ച വോട്ടുകളുടെ എണ്ണം റിയാസിന് നിലനിർത്താനായില്ലെന്ന് മാത്രമല്ല, ആനുപാതികമായി വർധിച്ച വോട്ട് ഷെയറും ലഭിച്ചില്ല. മാത്രമല്ല, മണ്ഡലത്തിലെ എൽ.ഡി.എഫിന്‍റെ ഉറച്ച മേഖലകളിൽനിന്നും കാര്യമായ ലീഡും ലഭിച്ചില്ല. കന്നി വോട്ടർമാരെയടക്കം ആകർഷിക്കാൻ പാർട്ടിക്ക് സാധിച്ചില്ല എന്ന് ഈ കണക്കുകൾ മാത്രം വ്യക്തമാക്കുന്നു.
മാത്രമല്ല, സി.പി.എം വോട്ടുകൾ കുറയുന്നതിന്‍റെ ആനുകൂല്യം ജില്ലയിലെ ബി.ജെ.പിക്കും ലഭിക്കുന്നുണ്ട്. യു.ഡി.എഫ് വോട്ടുകളാണ് ബി.ജെ.പിക്ക് കിട്ടുന്നതെന്നാണ് എൽ.ഡി.എഫ് എപ്പോഴും നടത്തുന്ന വ്യാഖ്യാനം. എന്നാൽ, ഇത് ശരിയല്ലെന്ന് നോർത്തിലെ ഫലം തെളിയിക്കുന്നുണ്ട്. വോട്ടെണ്ണുമ്പോൾ നോർത്തിലെ സി.പി.എം ബെൽറ്റുകളിൽ നിന്നെല്ലാം നേരിയ ലീഡ് മാത്രമേ പാർട്ടിക്ക് ലഭിച്ചുള്ളൂ, ഈ സമയം ബി.ജെ.പിയുടെ നവ്യ ഹരിദാസിന് വോട്ട് വർധിക്കുകയും ചെയ്യുന്നുണ്ടായിരുന്നു.
യു.ഡി.എഫ് 99 സീറ്റുകൾ നേടുകയും സംസ്ഥാനത്ത് ഇടതുമുന്നണി വലിയ തിരിച്ചടി നേരിടുകയും ചെയ്ത 2001ൽപോലും ജില്ലയിൽ ആറു സീറ്റുകൾ നിലനിർത്താൻ സാധിച്ചിരുന്നു. 2006ൽ എൽ.ഡി.എഫ് 11 സീറ്റുകൾ നേടി തിരിച്ചെത്തി. 2011ലാകട്ടെ 13ൽ പത്തും, 2016ലും 2021ലും 11 സീറ്റുകളും എൽ.ഡി.എഫ് നിലനിർത്തിയെങ്കിലും സി.പി.എം വോട്ടുകളിൽ ഗണ്യമായ ചോർച്ച സംഭവിക്കുന്നുണ്ടായിരുന്നു. പാർട്ടി വോട്ടുകളിലെ ഈ വിള്ളലിനെക്കുറിച്ച് തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പാർട്ടിക്ക് വ്യക്തമായ സൂചന നൽകിയിരുന്നു. അതൊന്നും ഉൾകൊണ്ട് പ്രവർത്തിക്കാൻ നേതൃത്വത്തിനായില്ല. അന്നുണ്ടായ അടിയൊഴുക്കും നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തടയാനായില്ലെന്നത് പാർട്ടി നേരിടുന്ന പ്രതിസന്ധി കാണിക്കുന്നതാണ്. ഇതിനിടയിൽ ഇത്തവണ കോൺഗ്രസ് ഗ്രൂപ് വ്യത്യാസം മറന്ന് കൈമെയ് പ്രവർത്തിച്ചതോടെ കാര്യങ്ങൾ കൈവിട്ടു. ഒമ്പത് സീറ്റ് വരെ ലഭിക്കും എന്നായിരുന്നു പ്രതീക്ഷയെങ്കിൽ 13ൽ 12ഉം നേടി വമ്പൻ വിജയം തന്നെ യു.ഡി.എഫ് നേടി.എന്ത് തീരുമാനമെടുത്താലും പ്രവർത്തകർ കൂടെ നിൽക്കുമെന്ന പാർട്ടി നേതൃത്വത്തിന്‍റെ ധാർഷ്ഠ്യത്തിനുള്ള തിരിച്ചടി കൂടിയാണ് ജില്ലയിലെ തെരഞ്ഞെടുപ്പ് ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

