ഫർണിച്ചർ നിർമാണ സ്ഥാപനത്തിൽ വൻ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
text_fieldsപള്ളിക്കണ്ടി അഴീക്കൽ റോഡിലെ ഫർണിച്ചർ കടക്ക് തീപിടിച്ചപ്പോൾ
കോഴിക്കോട്: നഗരത്തിലെ ഫർണിച്ചർ നിർമാണ സ്ഥാപനത്തിൽ വൻ തീപിടിത്തം. പള്ളിക്കണ്ടി അഴീക്കൽ റോഡിലെ ഗ്ലെൻ വുഡ് ഇന്റർനാഷനലിലാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെ വൻ തീപിടിത്തമുണ്ടായത്. ആളപായമില്ല. ലക്ഷക്കണക്കിന് രൂപയുടെ മര ഉരുപ്പടികളും ഫർണിച്ചറുകളും കത്തിനശിച്ചു.
രണ്ട് നിലകളിലുള്ള സ്ഥാപനത്തിന്റെ മുകൾനിലയിലാണ് ആദ്യം തീ കണ്ടത്. പെട്ടെന്നുതന്നെ ഇത് മറ്റു ഭാഗങ്ങളിലേക്കും പടരുകയും മേൽക്കൂരയിലെ തകര ഷീറ്റ് ഉൾപ്പെടെ പൂർണമായും അഗ്നിക്കിരയാവുകയുമായിരുന്നു. ബീച്ച്, മീഞ്ചന്ത, വെള്ളിമാട്കുന്ന് എന്നീ സ്റ്റേഷനുകളിൽ നിന്നെത്തിയ അഗ്നിരക്ഷാസേന യൂനിറ്റുകൾ ഒന്നര മണിക്കൂറിലേറെ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കിയത്. അഗ്നിരക്ഷാസേന യൂനിറ്റുകൾ പിന്നീട് സമീപത്തെ പള്ളികുളത്തിൽനിന്ന് വെള്ളം ശേഖരിച്ച് മൂന്നരമണിക്കൂറോളമെടുത്ത് തീ പൂർണമായും അണച്ചു.
തീപിടിക്കുന്ന സമയം ഇതര സംസ്ഥാനക്കാർ അടക്കമുള്ള തൊഴിലാളികൾ സ്ഥാപനത്തിനുള്ളിലുണ്ടായിരുന്നു. ഇവർ പെട്ടെന്ന് പുറത്തേക്ക് ഇറങ്ങിയോടിയതാണ് രക്ഷയായത്. കെട്ടിടത്തിൽനിന്ന് ചാടി രക്ഷപ്പെടുന്നതിനിടെ തൊഴിലാളികളിലൊരാൾക്ക് കാലിന് ചെറിയ പരിക്കേറ്റിട്ടുണ്ട്. തൊഴിലാളികളുടെ താമസവും സ്ഥാപനത്തിനുള്ളിൽ തന്നെയാണ്. തീപടർന്ന ഉടൻ തന്നെ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു.
ചെമ്മങ്ങാട് പൊലീസും നാട്ടുകാരും രക്ഷാദൗത്യത്തിൽ പങ്കാളികളായി. വിവിധയിടങ്ങളിലേക്ക് ഫർണിച്ചറുകൾ മൊത്തമായി നിർമിച്ചുനൽകുന്ന സ്ഥാപനമാണിത്. നിർമാണം പൂർത്തിയായതും നിർമാണത്തിലുള്ളതുമായ പലവിധത്തിലുള്ള ഫർണിച്ചറുകളാണ് കത്തിനശിച്ചത്. ഫർണിച്ചർ നിർമാണത്തിനാവശ്യമായ മരത്തടികളും അഗ്നിക്കിരയായിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. ഷോർട്ട് സർക്യൂട്ടാണോ എന്നതടക്കം പരിശോധനകൾക്കു ശേഷമേ വ്യക്തമാകൂ എന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥരും പൊലീസും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

