പഴയ വാഹന ഭാഗങ്ങൾ സൂക്ഷിച്ച കെട്ടിടത്തിൽ വൻ തീപിടിത്തം
text_fieldsനാലാം ഗേറ്റിന് സമീപം ആക്രിക്കടയിലുണ്ടായ തീപിടിത്തം
കോഴിക്കോട്: നഗരത്തിലെ ആക്രിക്കടയിൽ വൻ തീപിടിത്തം. നാലാം റെയിൽവേ ഗേറ്റിനു പടിഞ്ഞാറ് തേർവീട് ക്ഷേത്രത്തിനു സമീപത്തെ പഴയ ഇരുനില വീട് കെട്ടിടത്തിലാണ് വൈകീട്ട് ആറരയോടെ തീ ആളിക്കത്തിയത്. അഗ്നിരക്ഷസേനയുടെ നാലു യൂനിറ്റ് സ്ഥലത്തെത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ട് അപകടം ഒഴിവാക്കി. അഗ്നിബാധയുടെ കാരണം വ്യക്തമല്ലെന്ന് ഫയർ ഫോഴ്സ് അറിയിച്ചു.
തീപിടിച്ച സ്ഥലത്തോട് ചേർന്ന് വീടുകളടക്കം നിരവധി കെട്ടിടങ്ങളുണ്ട്. ആളപായമില്ല. വാഹനം പൊളിച്ചുവിൽക്കുന്നവർ സാധനം സൂക്ഷിക്കുന്നിടത്താണ് തീപിടിത്തമുണ്ടായത്. അൻവർ ഹുസൈൻ എന്നയാളുടെ സ്ഥാപനത്തിലെ പൊളിച്ച വാഹനങ്ങളുടെ ഭാഗങ്ങളാണ് കെട്ടിടത്തിൽ സൂക്ഷിച്ചിരുന്നത്. തീയിൽ ഒന്നാം നില പൂർണമായി കത്തിത്തീർന്നു. കെട്ടിടത്തിനകത്തും പുറത്തും പഴയ വാഹനങ്ങളും വാഹനങ്ങളുടെ ഭാഗങ്ങളും കൂട്ടിയിട്ട നിലയിലായിരുന്നു. ഒന്നാം നിലയിലാണ് ആദ്യം തീ കണ്ടതെന്ന് അടുത്തുള്ളവർ പറഞ്ഞു. അടുത്ത വീട്ടിലുള്ളവർ പുക കണ്ടയുടൻ തൊട്ടടുത്തു താമസിക്കുന്ന അൻവർ ഹുസൈനെ വിവരമറിയിക്കുകയായിരുന്നു. അഗ്നിരക്ഷസേന എത്തുമ്പോഴേക്കും തീ ആളിപ്പടർന്നു.
കെട്ടിടത്തിലെ തീയണക്കാനുള്ള ശ്രമം
ഓട് മേഞ്ഞ മേൽക്കൂരയുടെ പട്ടികയിൽ തീപടർന്ന് ഉടൻ തകർന്നുവീണു. ഫയർഫോഴ്സ് മുൻകരുതൽ നടപടി സ്വീകരിച്ചതിനാൽ അടുത്ത വീടുകളിലേക്കു തീ പടരുന്നതു തടയാനായി. ബീച്ച് സ്റ്റേഷൻ ഓഫിസർ കെ. അരുണിന്റെ നേതൃത്വത്തിൽ ബീച്ച്, മീഞ്ചന്ത, വെള്ളിമാടുകുന്ന് ഫയർ സ്റ്റേഷനുകളിൽനിന്ന് അഗ്നിരക്ഷസേന എത്തി. അസി. പൊലീസ് കമീഷണർ ടി.കെ. അഷറഫിന്റെ നേതൃത്വത്തിലുള്ള പൊലീസും സ്ഥലത്തെത്തി. നഗരത്തിൽ പലഭാഗത്തും വാഹനങ്ങളുടെ അവശിഷ്ടങ്ങളടക്കം ആക്രിസാധനങ്ങൾ കൂട്ടിയിടുന്ന സ്ഥലങ്ങളുണ്ട്. മിക്കയിടത്തും മുൻകരുതലോ സുരക്ഷ സംവിധാനമോ ഇല്ലാതെയാണ് സാധനങ്ങൾ സൂക്ഷിക്കുന്നതെന്ന് പരാതിയുയർന്നിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

